വിഷാദം മാറ്റാന്‍ മാജിക് മഷ്‌റൂമിന് കഴിയുമെന്ന് കണ്ടെത്തല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഷാദം മാറ്റാന്‍ മാജിക് മഷ്‌റൂമിന് കഴിയുമെന്ന് കണ്ടെത്തല്‍

വാഷിംഗ്‌ടണ്‍ : വിഷാദ രോഗ ചികില്‍സയ്ക്ക്  മാജിക് മഷ്‌റൂം  ഫലപ്രദമെന്ന് പുതിയ പഠനം. ലഹരിവസ്തുവായി അറിയപ്പെടുന്ന ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനഃക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍.

 

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് മനശാസ്ത്ര വിഭാഗം മേധാവി ഡോ റോബിന്‍ കാര്‍ഹാട്ട് ഹാരിസാണ് പഠനം നടത്തിയത്. ”പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ പരാജയപ്പെട്ടിടത്ത് വിഷാദ രോഗികളില്‍ സൈലോസിബിന്‍ പരീക്ഷിച്ചപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൃത്യമായ മാറ്റം കാണാനായത്,” അദ്ദേഹം പറഞ്ഞു. കുറച്ച് പേരില്‍ മാത്രമാണ് മരുന്ന് പരീക്ഷിച്ചതെങ്കിലും നല്ല മാറ്റം അനുഭവപ്പെടുന്നതായി അവര്‍ സാക്ഷ്യപ്പെടുത്തിയതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

പല ചികിത്സകള്‍ നടത്തിയിട്ടും പരാജയപ്പെട്ട വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്‌റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത് .മരുന്ന് പരീക്ഷിച്ച രോഗികളില്‍ ചികിത്സയ്ക്കുശേഷം അഞ്ചാഴ്ച വരെ മാറ്റങ്ങള്‍ നീണ്ടുനിന്നതായാണ് പഠനത്തില്‍ പറയുന്നത്. വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് മഷ്റൂം ചികില്‍സയിലൂടെ സാധിച്ചതായും പഠനം വ്യക്തമാക്കുന്നു.

 

 

തലച്ചോറില്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാനാകും എന്നതാണ് ഇത്തരം രാസവസ്തുക്കളുടെ പ്രത്യേകത. അതിനാല്‍ തന്നെ വിഷാദ രോഗികളില്‍ ഇവ ഉപയോഗിക്കുക വഴി പെട്ടെന്നൊരു മാറ്റത്തിന് ആദ്യഘട്ടത്തില്‍ സാധിക്കുകയും മനോരോഗ ചികിത്സകളില്‍ കൂടുതല്‍ സാധ്യത തുറക്കുകയും ചെയ്യുമെന്നാണ് പ്രധാന നേട്ടം.

 

എന്നാല്‍ പഠനത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും, തുടക്കത്തിലെ ഫലം പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഹാരിസ് പറയുന്നു. ആള്‍ക്കാര്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് സൈന്റിഫിക് റിപ്പോര്‍ട്ട്സില്‍ ആണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.