വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നു; നഗ്ന നേത്രങ്ങൾ കൊണ്ട് കാണരുത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നു; നഗ്ന നേത്രങ്ങൾ കൊണ്ട് കാണരുത്

തിരുവനന്തപുരം: ലോകം വീണ്ടും ആകാശത്ത് ഒരു വിസ്മയക്കാഴ്ച ദര്‍ശിക്കാനൊരുങ്ങുന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വലയ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഗ്രഹണം കൂടുതല്‍ ദൃശ്യമാകുന്ന വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. 

സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26-ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. 

എന്താണ് ഗ്രഹണം 

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്‌ബോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച്‌ പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.

മുൻകരുതലുകൾ - സൂക്ഷിക്കുക

ഒരു കാരണവശാലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുവാന്‍ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്‌സ്‌റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്‌സ്‌റേ ഷീറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകള്‍ അടുക്കി വച്ച്‌ വേണം നോക്കാന്‍. അധികം നേരം ഈ രീതിയുപയോഗിച്ച്‌ സൂര്യനെ നോക്കരുത്, മൊബൈല്‍ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ സൂര്യനെ നേരിട്ട് നോക്കാന്‍ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.

പിന്‍ഹോള്‍ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാര്‍ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാന്‍ മാത്രമേ പാടുള്ളൂ തുടര്‍ച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.