വിഷാദവും ലൈംഗികതയും തമ്മില്‍...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിഷാദരോഗം ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. വിഷാദഭാവം, ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം എന്നിവയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നാല്‍ വിഷാദബാധിതരെ ഏറെ അലട്ടുന്നതും മറ്റൊരു  പ്രശ്‌നം ലൈംഗിക താല്‍പര്യക്കുറവും അനുബന്ധപ്രശ്‌നങ്ങളുമാണ്.

വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച് ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം.

തീവ്രമായ വിഷാദരോഗം ബാധിച്ചവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് ലൈംഗികപ്രശ്‌നങ്ങളുണ്ടാകാമെന്ന് കണക്കുകള്‍ പറയുന്നു.വിഷാദത്തിനൊപ്പം കടുത്ത ഉത്ക്കണ്ഠയും ഉള്ളവരില്‍ പ്രശ്‌നം രൂക്ഷമാകും. ലൈംഗികമായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വിഷാദം തീവ്രമാകാനും ആത്മഹത്യാപ്രവണതയ്ക്കും കാരണമാകാറുണ്ട്.

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലുള്ള രാസതന്മാത്രകള്‍ ചിന്തകളെയും ഓര്‍മകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.ലൈംഗികതാല്‍പര്യം, ഉത്തേജനം, രതിമൂര്‍ച്ഛ അടക്കമുള്ള ലൈംഗിക അനുഭൂതികള്‍ എന്നിവ നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് ഈ രാസതന്മാത്രകള്‍ വഹിക്കുന്നുണ്ട്.

സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസഘടകങ്ങള്‍ക്കാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമുള്ളത്. ഈ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദരോഗത്തിനും അതിന്റെ ഭാഗമായുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും തലച്ചോറിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് തടസം ഉണ്ടാകുന്നതുമൂലവും സംഭവിക്കുന്ന 'വാസ്‌കുലാര്‍ ഡിപ്രഷന്‍' എന്നയവസ്ഥയുടെ ഭാഗമായും ലൈംഗികപ്രശ്‌നങ്ങളുണ്ടാകാം.

വിഷാദരോഗം ബാധിച്ച പുരുഷന്മാരില്‍ പ്രധാനമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലൈംഗിക താല്‍പര്യക്കുറവും ഉദ്ധാരണശേഷിക്കുറവുമാണ്.മസ്തിഷ്‌ക്കത്തിലെ 'ഡോപ്പമിന്‍' എന്ന രാസതന്മാത്രയുടെ വ്യതിയാനം മൂലം ലൈംഗികതയടക്കം ജീവിതത്തിലെ സന്തോഷകരമായ മറ്റ് പലതും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുന്നു.

നോര്‍എപിനെഫ്രിന്റെ അളവു കുറയുന്നത് ശാരീരികക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകുന്നു. ഇത് ലൈംഗിക താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നു. തലച്ചോറിലെയും സുഷുമ്‌നാനാഡിയിലെയും സിറട്ടോണിന്റെ പ്രവര്‍ത്തനവ്യതിയാനങ്ങള്‍ ലൈംഗിക ഉദ്ധാരണത്തെ ബാധിക്കുന്നുണ്ട്.

വിഷാദത്തോടൊപ്പം അമിത ഉത്ക്കണ്ഠയുള്ളവര്‍ക്ക് ശീഘ്രസ്ഖലനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകാം. ഉദ്ധാരണശേഷി കുറയുമ്പോള്‍ ലൈംഗികതയെക്കുറിച്ചുള്ള ആശങ്കകള്‍ അവരില്‍ നിറയുന്നു.ഇത് വിഷാദരോഗം വഷളാകാന്‍ കാരണമാകുന്നു. മദ്യം, പുകയില എന്നിവയുടെ ഉപയോഗവും ലൈംഗികശേഷി കുറയുന്നതിന് കാരണമാകുന്നുണ്ട്. 

സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്‌നമായി കരുതാം.എന്നാല്‍ വിഷാദ രോഗവുമായി അതിനു ബന്ധം ഉണ്ടാകണമെന്നില്ല . വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്‌നങ്ങളുള്ളതായി കണ്ടുവരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്‌നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്.


LATEST NEWS