എവറസ്റ്റ് കൊടുമുടിയില്‍ ആദ്യമായി കാലുകുത്തിയത്  എഡ്മണ്ട് ഹിലരി അല്ല പിന്നെ ആര്;സ്ഥിരീകരിക്കാത്ത നിഗമനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എവറസ്റ്റ് കൊടുമുടിയില്‍ ആദ്യമായി കാലുകുത്തിയത്  എഡ്മണ്ട് ഹിലരി അല്ല പിന്നെ ആര്;സ്ഥിരീകരിക്കാത്ത നിഗമനം

ലോകത്തിന്റെ നെറുകയില്‍ ,എവറസ്റ്റില്‍ ആദ്യമായി കാല് കുത്തിയത് എഡ്മണ്ട് ഹിലരി, ടെന്‍സിങ് നോര്‍ഗേ എന്നിവര്‍ ആണെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളതും അറിവുള്ളതും.. എന്നാല്‍ അതിനും മുന്‍പ് ,ഒരു പക്ഷെ സാഹചര്യ തെളിവ് വെച്ചു എവറസ്റ്റില്‍ കാല് കുത്തിയ മറ്റൊരു വ്യക്തി ഉണ്ടായിരുന്നു.! ''മല്ലോറി'' .സ്ഥിരീകരിക്കാത്ത നിഗമനം...ഇനി ആ ചരിത്ര സത്യം പറയാം.

എവറസ്റ്റ് കീഴടക്കലിന്റെ കഥ ലണ്ടനില്‍ നിന്നും തുടങ്ങുന്നു.അവിടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍വതാരോഹകരുടെ സ്ഥാപനം ആണ് റോയല്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റി.ആല്‍പ്സ് പാര്‍വതാരോഹകരില്‍ ചിലരും അവരോടൊപ്പം ചേര്‍ന്നു.എവറസ്റ്റ് കമ്മറ്റി എന്നൊരു ഗ്രൂപ്പും അവര്‍ ഉണ്ടാക്കി.എവറസ്റ്റ് ആരോഹണത്തിനുള്ള ഒരുക്കങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി. എവറെസ്റ്റിലേക്കുള്ള വഴി കണ്ടു പിടിക്കുകയായിരുന്നു അവരുടെ ആദ്യ ലക്ഷ്യം.ടിബറ്റില്‍ അക്കാലത്ത് വിദേശികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ കമ്മറ്റിയുടെ ശ്രമഫലമായി എവറസ്റ്റ് ആരോഹണത്തിന് അവര്‍ക്ക് അനുമതി ലഭിച്ചു .സഹായത്തിന് ഷെര്‍പ്പാകളെയും ഏര്‍പ്പാടാക്കി.

ലോകത്തിന്റെ നെറുകയിലേയ്ക്കുള്ള ആ സാഹസിക യാത്രയുടെ തുടക്കം 1921 മെയ് 18-നായിരുന്നു.ഹോവാര്‍ഡ് ബറി ആയിരുന്നു സംഘത്തലവന്‍. ആ സാഹസിക സംഘത്തിന് ടിബറ്റില്‍ എങ്ങും നാട്ടുകാര്‍ സ്വീകരണങ്ങള്‍ നല്‍കി.സംഘത്തിലെ 'കെല്ലാസ്' എന്ന വ്യക്തി യാത്രയുടെ തുടക്കത്തില്‍ തന്നെ ഹൃദയ സ്തംഭനത്താല്‍ മരണമടഞ്ഞു. പ്രശ്‌നങ്ങള്‍ അവിടെ മുതല്‍ തുടങ്ങുകയായി.വരാനിരിക്കുന്ന ഏതോ വലിയ വിപത്തിന് മുന്നോടി എന്ന പോലെ...പക്ഷെ സധൈര്യം അവര്‍ മുന്നോട്ട് തന്നെ നീങ്ങി. എവറസ്റ്റിലേയ്ക്കുള്ള വഴി കണ്ടു പിടിക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്.

മല്ലോറി, ബുള്ളക്ക്, വീലര്‍,എന്നിവര്‍ നോര്‍ത്ത് കോള്‍ പാത കണ്ടെത്തുകയും അതിലൂടെ എവറെസ്റ്റിന് മുകളിലെത്താമെന്നു കണക്ക് കൂട്ടുകയും ചെയ്തു. അങ്ങനെ അവരെല്ലാവരും എവറെസ്റ്റിന്റെ അടിവാരത്തില്‍ ചെന്നെത്തി...എവറസ്റ്റിന്റെ വടക്ക് കിഴക്ക് ഭാഗത്തെ ''റോങ്ബക്ക്'' താഴ്വരയിലൂടെയായിരുന്നു അവരുടെ സഞ്ചാരം.അവിടെ ഒരിടത്ത് താവളമടിച്ച് മുകളിയേയ്ക്ക് കയറാന്‍ ശ്രമിച്ച അവരെ നേരിട്ടത് അതി ശക്തിയായ കൊടുങ്കാറ്റും കൊടും തണുപ്പും ആയിരുന്നു.ഒരടിപോലും മുകളിയേയ്ക്ക് കയാറാനാകാതെ വലഞ്ഞ അവര്‍ ഒടുവില്‍ ആ ശ്രമത്തില്‍ നിന്നും പിന്മാറി നാട്ടിലേയ്ക്ക് മടങ്ങി....!

അതിനടുത്ത വര്‍ഷം രണ്ടാമതൊരു സംഘം എവറസ്റ്റ് ആരോഹണത്തിന് തുനിഞ്ഞിറങ്ങി.'ജനറല്‍ സിജി ബ്രൂസ്' ആയിരുന്നു സംഘത്തിന്റെ നേതാവ്.ഹിമാലയന്‍ ചെരിവുകളിലെ താമസക്കാരായിരുന്ന ഷെര്‍പ്പകളുടെ ഒരു സംഘം സcഹായത്തിന് ഉണ്ടായിരുന്നു.1922 മെയ് 13 ന് നോര്‍ത്ത് കോളില്‍ സംഘം ഒരു താവളം സ്ഥാപിച്ചു. അവിടെ നിന്ന് മുകളിലേയ്ക്ക് കയറുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.വശങ്ങളിലെങ്ങും സൂചിപോലെയും അരിവാള്‍ത്തല പോലെയും കൂര്‍ത്ത ഹിമശൃംഗങ്ങള്‍ .അവ സൂഷ്മതയോടെ വലം വെച്ചാണ് മുകളിലേയ്ക്ക് കയറേണ്ടത്. അതിന് ഹിമക്കോടാലി കൊണ്ട് പടികള്‍ വെട്ടിയൊരുക്കി.ചിലപ്പോള്‍ കയറില്‍ തൂങ്ങി കിടന്നാണ് മുകളിലേക്ക് നീങ്ങിയത്.അങ്ങനെ ഇരുപത്തിമൂവായിരം അടി ഉയരത്തില്‍ അവരൊരു താവളം കൂടി ഒരുക്കി.എല്ലാവരും അവിടെ തങ്ങിയിട്ട് അതില്‍ നിന്നും നാല് പേരാണ് പിന്നെയും മുകളിലേയ്ക്ക് നീങ്ങിയത്.

പക്ഷെ ആഞ്ഞടിച്ച കൊടുങ്കാറ്റ് അവരെ വല്ലാതെ വലച്ചു.കൂടാതെ അസ്ഥികള്‍ തുളച്ചു കയറുന്ന ശക്തിയായ തണുപ്പും.ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.എങ്കിലും ആ സംഘത്തിലെ മൂന്നുപേര്‍ ഒരു വിധം 26986 അടി വരെ ഉയരത്തില്‍ എത്തി.തുടര്‍ന്ന് കയറിയാല്‍ ശ്വാസം മുട്ടി മരിക്കുമെന്ന് ഉറപ്പായ അവര്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു.സംഘത്തിലെ മറ്റു മൂന്നുപേര്‍ ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഒരു അവസാനവട്ട ശ്രമം കൂടി നടത്തി.കൊടുംകാറ്റും മഞ്ഞു മഴയും അവര്‍ക്ക് വലിയ തടസമായി പതിനാല് ഷെര്‍പ്പകള്‍ കൂട്ടിനുണ്ടായിരുന്നിട്ടും മുന്നോട്ടുള്ള യാത്ര കഠിനമായിരുന്നു.ഇടയ്ക്ക് മുകളിന്നിന്ന് പാഞ്ഞെത്തിയ മഞ്ഞു പാളിക്കടിയില്‍ പെട്ട ഏഴു ഷെര്‍പ്പകള്‍ കൊല്ലപെടുകയും ചെയ്തു.അതോടെ രണ്ടാമത്തെ സംഘവും തോല്‍വി സമ്മതിച്ചു മടങ്ങി.

1924 ല്‍ എവറസ്റ്റ് കീഴടക്കാന്‍ മല്ലോറിയും സംഘവും വീണ്ടും എത്തി.ഇത്തവണ എങ്ങനെയെങ്കിലും എവറസ്റ്റ് കീഴടക്കുക എന്ന ദൃഢ നിശ്ചയതോടെ ആയിരുന്നു ആ സംഘത്തിന്റെ രണ്ടാം വരവ്. എന്‍ജിനീയറായ ആന്‍ഡ്രൂ ഇര്‍വിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ കൂട്ടാളി.1924 ജൂണ് 8 ന് മല്ലോറിയും ഇര്‍വിനും എവറസ്റ്റിന്റെ നെറുകയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നതായാണ് ലോകം അവസാനം അറിഞ്ഞത്.പക്ഷെ പിന്നീട് അവരെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. 

വര്‍ഷങ്ങള്‍ക്ക് ശേഷം 1933 ല്‍ 8412 മീറ്റര്‍ ഉയരത്തില്‍ നിന്ന് മല്ലോറിയുടെ കോടാലി കണ്ടെത്തി.പിന്നീട് 1999 ല്‍ മല്ലോറിയുടെ ജഡവും കണ്ടെത്തുകയുണ്ടായി..! പക്ഷെ അപ്പോഴും ഒരു ദുരൂഹത ബാക്കി നില്‍ക്കുന്നു.എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുമ്പോള്‍ ആയിരുന്നോ മല്ലോറി മരിച്ചത്....?? കാരണം അദ്ദേഹത്തിന്റെ ജഡം കിടന്നിരുന്ന സ്ഥലത്തു നിന്നു ഏതാനും മീറ്റര്‍ കൂടി മുകളിയേയ്ക്ക് നീങ്ങിയാല്‍ എവറസ്റ്റിന്റെ നെറുകയില്‍ കാലു കുത്താം.(ഫോട്ടോയില്‍ കാണിച്ചിട്ടുണ്ട്). ഒരു പക്ഷെ ഭാഗ്യം അദേഹത്തെ തുണയ്ക്കാതെ അദ്ദേഹം അവിടെ വരെ എത്തിപ്പെടാനെ സാധിച്ചുള്ളൂ എങ്കിലോ....?  ഈ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല.ഏതായാലും മല്ലോറിയുടെ മഹത്തായ ''പരാജയം'' വിജയം പോലെതന്നെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.

1933 ല്‍ അടുത്ത സംഘം എവറെസ്റ്റിനെ സമീപിച്ചു 28150 അടിവരെ അവരും കയറി.പക്ഷെ അതിനപ്പുറത്തേയ്ക്ക് പോകാന്‍ അവര്‍ക്കും കഴിഞ്ഞില്ല.തുടര്‍ന്ന് 1936 ലും 1938 ലും ഒക്കെ ശ്രമങ്ങള്‍ നടന്നു.പിന്നീട് 1951 വരെ ശ്രമങ്ങള്‍ ഒന്നും നടന്നില്ല.1951 ലും 52 ലും നടന്ന ശ്രമങ്ങളും പരാജയപെടുകയായിരുന്നു.

കേണല്‍ ജോണ് ഹണ്ടിന്റെ നേതൃത്വത്തില്‍ പുതിയൊരു വിദഗ്ധ സംഘം 1953 ല്‍ വിപുലമായ സജ്ജീകരണങ്ങളോടെ എവറെസ്റ്റില്‍ സാഹസിക യാത്ര തുടങ്ങി.ഹിലാരിയും ടെന്‍സിങ്ങും ആ യാത്ര സംഘത്തില്‍ ഉള്ളവര്‍ ആയിരുന്നു. മറ്റു രണ്ടുപേര്‍ ഇവാന്‍സും ബോര്‍ഡില്ലനും 27400 ഓളം അടി ഉയരത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി.പിറ്റേന്ന് ടെന്‍സിങ്ങും ഹിലാരിയും ഏറ്റവും ഉയരങ്ങളിലേയ്ക്കുള്ള തങ്ങളുടെ യാത്രയ്ക്ക് തുടക്കം കുറിച്ചു.27900അടി ഉയരത്തില്‍ അവര്‍ ഒരു ക്യാമ്പ് സ്ഥാപിച്ചു. പിന്നീട് മുകളിലേയ്ക്ക് നീങ്ങും തോറും കുത്തനെയുള്ള കയറ്റമായിരുന്നു.

ഏറെ സൂഷ്മതയോടെ അവര്‍ മുകളിലേയ്ക്ക് അടിവെച്ചു. രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി അവര്‍ മല കയറി.പകല്‍ 11.30 ന് അവര്‍ തങ്ങളുടെ മഹത്തായ ലക്ഷ്യത്തിലെത്തി...എവറസ്റ്റ് മനുഷ്യന്റെ കാല്‍ ചുവട്ടില്‍.... കൃത്യമായി പറഞ്ഞാല്‍ 1953 മെയ് 29 ന്...! ടെന്‍സിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ച വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത് പര്‍വതാരോഹകസംഘത്തിലുണ്ടായിരുന്ന പത്ര പ്രവര്‍ത്തകന്‍ ജെയിംസ് മോറിസ് ആണ്. കോഡ് ഭാഷയില്‍ അദ്ദേഹം അയച്ച സന്ദേശം രണ്ടു ദിവസം കഴിഞ്ഞു ജൂണ് 2 നാണ് പുറം ലോകം അറിഞ്ഞത്.പക്ഷേ  പകുതി ആളുകള്‍ക്കും ഈ ഒരു വസ്തുത ഇന്ന് അറിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് എഴുതാന്‍ എന്നെ പ്രരിപ്പിച്ചത്.


 


LATEST NEWS