പന്തളം ധര്‍മ്മ ശാസ്താ ക്ഷേത്രം - ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പന്തളം ധര്‍മ്മ ശാസ്താ ക്ഷേത്രം - ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

പത്തനംതിട്ട ജില്ലയില്‍ പന്തളത്ത് സ്ഥിതി ചെയ്യുന്ന ശാസ്താവിന്റെ മനുഷ്യവതാരമായ അയ്യപ്പനോളം പഴക്കമുണ്ട് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന്. പന്തളം രാജാവ് ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം പന്തളം കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. മണികണ്ഠന്‍ ശൈശവവും യൗവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ ഭക്തലക്ഷങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു.

എല്ലാ വര്‍ഷവും മകര സംക്രാന്തി നാളില്‍ ശബരിമലയില്‍ എത്തിച്ചേരുന്ന ചരിത്ര പ്രസിദ്ധമായ തിരുവാഭരണ യാത്ര ഈ ക്ഷേത്രത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. അച്ഛന്‍ മകനണിയാനുള്ള ആഭരണങ്ങളുമായി പോകുന്നു എന്നതാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പിന്നിലുള്ള വിശ്വാസം. തനി തങ്കത്തില്‍ തീര്‍ത്തിട്ടുള്ള തിരുവാഭരണങ്ങള്‍ പന്തളം രാജാവ് അയ്യപ്പന് സമ്മാനിച്ചതാണ്. 

ഇന്നും പന്തളം രാജവംശത്തിന് മാത്രം സ്വന്തമായിട്ടുള്ള തിരുവാഭരണങ്ങള്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിവസം പ്രഭാതം മുതല്‍ ഉച്ച വരെയും, മേടത്തില്‍ ഉത്രത്തിനും (അയ്യപ്പ സ്വാമിയുടെ ജന്മ ദിനം), വിഷുവിനും മാത്രമാണ് തിരുവാഭരണങ്ങള്‍ പന്തളം തേവരെ അണിയിക്കുന്നത്. മകര സംക്രമത്തിന് തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം മാത്രമേ ശബരിമലയില്‍ ദീപാരാധന നടത്തുകയുള്ളു.

ചന്ദനത്തില്‍ തീര്‍ത്ത മൂന്നു പേടകങ്ങളിലായാണ് തിരു ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനം ഗോപുരാകൃതിയിലുള്ള നെട്ടൂര്‍ പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തിരു മുഖം, വെളക്ക് മാല, ശര പൊളി മാല, എരിക്കിന്‍ പൂമാല, വില്ലു തള മാല, മണി മാല, നവ രത്‌ന മോതിരം, അരപ്പട്ട, പൂന്തട്ടം, കഞ്ചമ്പരം, പ്രഭാ മണ്ഡലം, വെള്ളി കെട്ടിയ വലം പിരി ശംഖ്, വലിയ ചുരിക, ചെറിയ ചുരിക, ലക്ഷ്മി രൂപം, കടുവ, പുലി, ആനകള്‍, നെറ്റിപ്പട്ടം എന്നിവയാണ്. 

ചതുരാകൃതിയിലുള്ള അഭിഷേക കുടം പെട്ടി എന്ന രണ്ടാമത്തെ പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത കലശ കുടവും, മകര സംക്രാന്തി നാളില്‍ ശബരിമലയില്‍ നടക്കുന്ന പൂജകള്‍ക്കുള്ള സാധന സാമഗ്രികളുമാണ്. കൊടിപ്പെട്ടിയെന്ന് വിളിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയില്‍ മല ദൈവങ്ങള്‍ക്കുള്ള കൊടികൂറകള്‍, ജീവത (ആനപ്പുറത്ത് എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്), മെഴുവട്ടക്കുട എന്നിവയാണ്. ഘോഷ യാത്രയിലുടനീളം നെട്ടൂര്‍പ്പെട്ടി ഒന്നാമതും, കൊടി പെട്ടി മൂന്നാമതും ആയിട്ടാണ് പോകുക.

 പോലിസ്, സേനാ വിഭാഗങ്ങളുടെ കനത്ത സംരക്ഷണത്തില്‍ നാല്‍പ്പത്തൊന്ന് ദിവസം കഠിന വ്രതമനുഷ്ഠിച്ച പതിനഞ്ച് അയ്യപ്പന്മാര്‍ ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ തലച്ചുമടായിട്ടാണ് തിരുവാഭരണ പേടകങ്ങള്‍ ശബരി മലയിലേക്ക് കൊണ്ടു പോകുന്നത്.

എല്ലാ വര്‍ഷയും ധനു മാസം ഇരുപത്തെട്ടിനാണ് തിരുവാഭരണം പന്തളം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നതെങ്കിലും തലേന്ന് വൈകിട്ട് തിരുവാഭരണ പേടകങ്ങള്‍ ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് ഏറ്റു വാങ്ങി ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. തിരുവാഭരണം കൊട്ടാരത്തില്‍ നിന്നും ഏറ്റു വാങ്ങുമ്പോള്‍ മുതല്‍ സംക്രമ പൂജ കഴിഞ്ഞ് ശബരിമലയില്‍ നിന്നും കൊട്ടാരത്തില്‍ തിരിച്ചെത്തിക്കും വരെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനായിരിക്കും. 

പിറ്റേന്ന് പ്രഭാത പൂജയ്ക്ക് കോയിക്കല്‍ ശാസ്താവിന് ചാര്‍ത്തുന്ന തിരുവാഭരണം കണ്ടു തൊഴാന്‍ പതിനായിര കണക്കിന് ഭക്ത ജനങ്ങളെത്തും. തിരുവാഭരണം ദര്‍ശിക്കുവാന്‍ ഉച്ചക്ക് പന്ത്രണ്ട് മണി വരെ ഭക്തര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. ക്യത്യം പന്ത്രണ്ട് മണിക്ക് ക്ഷേത്ര നട അടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തില്‍ പ്രത്യേകപൂജകളും വഴിപാടുകളും നടക്കും. ഈ സമയം കൊട്ടാരത്തിലെ അംഗങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. 

ദീപാരാധന അവസാനിച്ചാലുടന്‍ തന്നെ ആഭരണ പേടകങ്ങളടച്ച് വീരാളി പട്ട് വിരിച്ച് പൂമാലകള്‍ ചാര്‍ത്തി ഘോഷയാത്രക്ക് തയ്യാറാക്കും. അപ്പോഴേക്കും പൂജിച്ച ഉടവാളുമായെത്തുന്ന മേല്‍ശാന്തിക്ക് പണക്കിഴി ദക്ഷിണയായി നല്‍കി വലിയ തമ്പുരാന്‍ ഉടവാള്‍ സ്വീകരിക്കും. പന്തളം രാജവംശത്തിലെ തമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ക്ഷേത്രം ദര്‍ശനം നടത്താന്‍ പാടില്ലാത്തതിനാല്‍ ഉട വാളുമായ് തമ്പുരാന്റെ പ്രതിനിധിയായ ഇളമുറ തമ്പുരാന്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കും. 

ഒരു മണിയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും പറന്നെത്തുന്ന രണ്ട് കൃഷ്ണ പരുന്തുകള്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മൂന്ന് തവണ വട്ടമിട്ടു പറക്കുന്നതോടെ നട തുറക്കും. ആയിരക്കണക്കിനു വരുന്ന ഭക്തജനങ്ങളുടെ കണ്ഠത്തില്‍ നിന്ന് ഉയരുന്ന ശരണം വിളികളോടെ തിരുവാഭരണ പേടകങ്ങളേന്തിയ അയ്യപ്പന്മാര്‍ ക്ഷേത്രത്തിനു പുറത്തേക്കു വന്ന് വാദ്യ ഘോഷ അകമ്പടിയോടെ ശബരിമലയിലേക്ക് പുറപ്പെടുകയായി. 

രാജാവിന്റെ സ്ഥാനത്ത് നിന്ന് ഘോഷയാത്ര നയിക്കുന്നത് ഇളമുറ തമ്പുരാന്‍ ആണെങ്കിലും രാജപ്രധിനിധി കുറുപ്പാണ്. ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് തമ്പുരാന്‍ ഉടവാളും പരിചയും കുറുപ്പിന് കൈമാറുന്നു. തിരുവാഭരണ പേടകങ്ങളുടെ വാഹകര്‍ മുന്നിലും, അതിന് പിന്നില്‍ വാളും പരിചയുമായി കുറുപ്പും, തൊട്ട് പുറകിലായി തമ്പുരാനും യാത്ര ആരംഭിക്കുന്നു.