കനല് ഒരു തരി മതി - ആ തരിയില്‍ കുടുങ്ങി മോദിയും രാഹുലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനല് ഒരു തരി മതി - ആ തരിയില്‍ കുടുങ്ങി മോദിയും രാഹുലും

രാജ്യത്തെ കര്‍ഷകര്‍ക്ക് ആരോടെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് കിസാന്‍ സഭ എന്ന സി.പി.എം കര്‍ഷക സംഘടനയോട് മാത്രമയിരിക്കും. രാജസ്ഥാനിലെ മുന്‍ വസുന്ധര രാജെ സര്‍ക്കാരിനെയും മഹാരാഷ്ട്രയിലെ ഫട്നാവിസ് സര്‍ക്കാരിനെയും മുട്ടുകുത്തിച്ച ചെമ്പടയുടെ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാറിന്റെയും കണ്ണു തുറപ്പിച്ചത്. അതാണ് പി.എം കിസാന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ മോദിയെ പോലും നിര്‍ബന്ധിതമാക്കിയത്.മുംബൈയെ ഇളക്കിമറിച്ച് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ നടത്തിയ കര്‍ഷക മാര്‍ച്ച് തീര്‍ത്ത പ്രതിഷേധ തീ രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കും പടര്‍ന്നതാണ് ഇവിടങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ നിലം പൊത്താന്‍ കാരണമെന്ന് ഐ.ബി തന്നെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി പ്രധാനമന്ത്രിയും ഭയന്നിരുന്നു.

ഉത്തരേന്ത്യയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ മറ്റു വിഷയങ്ങളെല്ലാം അപ്രസക്തമായിരുന്നു.സി.പി.എമ്മിന് സംഘടനാപരമായി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പതിനായിരങ്ങളെ തെരുവിലിറക്കാന്‍ ചെങ്കൊടി ക്ക് കഴിഞ്ഞത് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ച സംഭവമാണ്.രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയെ തുരത്തുന്നതില്‍ കിസാന്‍ സഭ വഹിച്ച പങ്കിനെ സാക്ഷാല്‍ രാഹുല്‍ ഗാന്ധി പോലും നിഷേധിക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്. സി പി.എമ്മിന് ഇപ്പോഴുള്ള പരിമിതി നാളെയും ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകുമെന്ന് കരുതരുത് എന്നാണ് രാഹുല്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചിരുന്നത്.

മണ്ണിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ആഹ്വാനം ചെയ്തെങ്കിലും ഖദര്‍ രാഷ്ട്രീയത്തില്‍ ഇത് പതിവില്ലാത്ത ഏര്‍പ്പാടായതിനാല്‍ നേതാക്കള്‍ പോലും ഈ നിര്‍ദ്ദേശം ചെവികൊണ്ടിട്ടില്ല. കോണ്‍ഗ്രസ്സ് കര്‍ഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോകുന്നില്ലെന്ന് നല്ലത് പോലെ അറിയുന്നതും ബി.ജെ.പി നേതൃത്വത്തിനാണ്. എന്നാല്‍ കിസാന്‍ സഭ പ്രതിഷേധം വിതച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് നേട്ടം കൊയ്യുമെന്ന് അവര്‍ ഭയന്നിരുന്നു.മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാന ലംഘനത്തിനെതിരെ വീണ്ടും കര്‍ഷക മാര്‍ച്ചിന് കിസാന്‍ സഭ ആഹ്വാനം ചെയ്തതോടെ ശരിക്കും വെട്ടിലായത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണ്.

നാസിക്കില്‍ നിന്നും രണ്ടാമതും ആരംഭിച്ച കര്‍ഷക മാര്‍ച്ച് തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ ആവശ്യവും അംഗീകരിച്ചത് മോദി തന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിനാലായിരുന്നു.കര്‍ഷക പ്രതിഷേധം വിളിച്ചു വരുത്തുന്ന നിലപാടുകള്‍ വലിയ ദോഷം ചെയ്യുമെന്ന വിദഗ്ദ ഉപദേശമാണ് പി.എം കിസാന്‍ പദ്ധതിക്കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നത്.ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച 2019 - 20 വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലാണ് പി.എം കിസാന്‍ പദ്ധതി ഇടം പിടിച്ചത്.

12 കോടിയോളം വരുന്ന ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം മൂന്നു ഗഡുക്കളായി 6000 രൂപ വീതം നല്‍കുന്ന പദ്ധതിയാണിത്. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രം നേരിട്ടാണ് നല്‍കുന്നത്. രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവരാണ് യോഗ്യര്‍. മൊത്തം 75000 കോടിയുടെതാണ് പദ്ധതി. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ പദ്ധതിക്കായി 2018 - 19ല്‍ മാത്രം 20,000 കോടി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനകം തന്നെ ഒരു കോടിയിലേറെ വരുന്ന യു.പിയിലെ കര്‍ഷകര്‍ വേതനം കൈപറ്റിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 1.08 കോടി പേരാണ് ഇവിടുത്തെ ഗുണഭോക്താക്കള്‍.

ആന്ധ്രപ്രദേശ് 33 ലക്ഷം, ഗുജറാത്ത് 27.3 ലക്ഷം, മഹാരാഷ്ട്ര 14.3 ലക്ഷം, പഞ്ചാബ് 11 ലക്ഷം, തമിഴ് നാട് 19.45 ലക്ഷം, തെലങ്കാന 18.75 ലക്ഷം എന്നിങ്ങനെയാണ് ഏറ്റവും അധികം ഗുണഭോക്താക്കളുള്ള മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തില്‍ നിന്നും 9,31,816 പേരാണുള്ളത്.ഇവര്‍ക്ക് 6000 രൂപ വീതം ലഭിക്കുമ്പോള്‍ അത് 559.08 കോടി രൂപ വരും. രാജ്യത്ത് രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ പ്രതിമാസം ശരാശരി മിച്ചം പിടിക്കുന്നത് 465 രൂപ മുതല്‍ 8,136 രൂപ വരെയാണ്. ഇവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന 6000 രൂപ നല്ല ബോണസാണെന്നാണ് നബാര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്. 87 ശതമാനം കര്‍ഷകര്‍ക്കും ഇത് ആശ്വാസമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ദേശീയ തലത്തില്‍ അത്ര വല്ല ശക്തി ഒന്നും അല്ലങ്കിലും ഭരണകൂടത്തെ വിറപ്പിക്കാനും ചില തീരുമാനങ്ങള്‍ എടുപ്പിക്കാനുമുള്ള കരുത്ത് ചെമ്പടക്ക് ഇപ്പോഴും ഉണ്ട്. സി.പി.എമ്മിനെതിരെ ഒരക്ഷരം താന്‍ മിണ്ടില്ലന്ന് രാഹുല്‍ ഗാന്ധിക്ക് പോലും പറയേണ്ടി വന്നതും യാദൃശ്ചികമായി മാത്രം കാണാന്‍ സാധിക്കില്ല. ചില ഘട്ടങ്ങളില്‍ എതിരാളികളുടെ കൂടി ഹീറോയാണ് ചെങ്കൊടി. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

ഭരണമേറ്റ് നാലരവര്‍ഷം ചെയ്യാതിരുന്നത് അവസാന നാളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തുനിഞ്ഞത് തന്നെ ചെങ്കൊടി പിടിച്ച് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങിയപ്പോഴാണ്. നൂറ് കണക്കിന് കിലോമീറ്ററുകളോളം ചുട്ട് പൊള്ളുന്ന വെയിലിനെയും തോല്‍പ്പിച്ച് പോരാട്ടം നയിക്കുന്ന നേതാക്കളാണ് ചുവപ്പിന്റെ എക്കാലത്തെയും കരുത്ത്.എ.സി റൂമുകളിലും വാഹനങ്ങളിലും ഇരുന്ന് മൊബൈല്‍ ഫോണ്‍ രാഷ്ട്രീയം നടത്തുന്നവരെ കണ്ട് ശീലിച്ച രാഹുലിനും മോദിക്കും ഇതൊരു വേറിട്ട കാഴ്ച തന്നെയാണ്