വിവാഹ വസ്ത്രം ഡിസൈനര്‍മാര്‍ക്ക് വിട്ട് നല്‍കുമ്പോള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാഹ വസ്ത്രം ഡിസൈനര്‍മാര്‍ക്ക് വിട്ട് നല്‍കുമ്പോള്‍വിവാഹ വസ്ത്രങ്ങള്‍ കടകളില്‍ പോയി വാങ്ങുന്നവരായിരുന്നു മുന്‍കാലങ്ങളില്‍ മലയാളി. ഇന്നതില്‍ മാറ്റം വന്നിരിക്കുന്നു. വിവാഹ ദിനം ഏതോ ആളുകളെ സങ്കല്‍പ്പിച്ച് ഡിസൈന്‍ ചെയ്ത് വന്ന വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍. വിവാഹദിനത്തില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട , ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കണം. അതിനായി ഡിസൈനര്‍മാരെ സമീപിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ ഡിസൈനര്‍മാരെ ഏല്‍പ്പിക്കുന്പോള്‍ കുറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അവരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയുക. മോടിയാക്കുക. ഇതു രണ്ടും മനസില്‍ വെച്ച് മിനുക്കു പണികള്‍ ചെയ്ത് ചെയ്ത് പരിധി വിടാറുണ്ട്. അതൊന്ന് ശ്രദ്ധിക്കണം. നമ്മുടെ അഭിപ്രായവും അവരുടെ കഴിവും കൂടിയാകുന്പോള്‍ സംഭവം കിടുക്കും.

ആകര്‍ഷകമാകണം ഏത് വസ്ത്രമായാലും. തെളിഞ്ഞ് നില്‍ക്കണം. മികച്ച തുണിത്തരങ്ങളാകണം. മുന്‍കാലങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്റ്റലുകളും കളറുകളുമാണെങ്കില്‍ ഇപ്പോള്‍ സോഫ്റ്റ് നിറങ്ങളും സ്റ്റോണുകളുമെല്ലാം ട്രെന്‍ഡായി മാറി. നിറങ്ങള്‍ തെരഞ്ഞെടുക്കുന്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസൈനര്‍മാര്‍ പറയുന്ന ഏത് നിറവും നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നില്ല. എന്നാല്‍ നിങ്ങളുടെ ഇഷ്ടനിറം പറഞ്ഞ് അത് ഡിസൈനര്‍മാരെ കാണിച്ച് കൊടുത്ത് ഈ നിറം എങ്ങനെ എന്ന് അഭിപ്രായമാരായാം.

നല്ല അനുഭവ പരിചയമുള്ള ഡിസൈനര്‍മാരെ തെരഞ്ഞെടുക്കണം. പക്ഷേ, നിങ്ങളുടെ ബഡ്ജറ്റിന് അപ്പുറം പോവുകയുമരുത്. ധൃതിവെക്കാതെ അത്തരം ആളുകളെ കണ്ടെത്തണം. ഇന്ന് വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തു നല്‍കുന്ന ബൊട്ടീക്കുകളും ഉണ്ട്. അവിടെ പോയി ഡിസൈനുകള്‍ ചോദിച്ചും കണ്ടും മനസിലാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ അത് തുറന്ന് പറഞ്ഞ് ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കുകയും വേണം. കസ്റ്റമര്‍ ഒക്കെ ശ്രദ്ധിക്കുന്ന ആളാകുന്പോ അവര്‍ക്കും ജോലി എളുപ്പവും താല്‍പ്പര്യവും ഉണ്ടാകും. ആദ്യം തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ബഡ്ജറ്റ് വസ്ത്രം എന്നിവയെക്കുറിച്ച് ഒരു കൃത്യമായ ധാരണ ഉണ്ടെങ്കില്‍ വളരെ എളുപ്പമാണ്. അല്ലെങ്കില്‍ ഡിസൈനര്‍മാര്‍ക്ക് തലവേദന കൂടും. ഒരു ധാരണയും ഇല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കായി പല വിധത്തിലുള്ള നിറങ്ങളും ഡിസൈനുകളും തരും. നിങ്ങള്‍ക്ക് മനസിന് പിടിച്ചെന്ന് വരില്ല. ഇനി അങ്ങനെയാണെങ്കില്‍ തന്നെ ചിലത് കാണുന്പോള്‍ അതില്‍ നിങ്ങളുടെ ടേസ്റ്റുകള്‍ അവരോട് പങ്കുവെക്കുക. അപ്പോള്‍ അവരറിയും നിങ്ങളുടെ മനസിനുള്ളിലെ ആഗ്രഹത്തെ.

വിവാഹ ദിനത്തിലെ വസ്ത്രമാണ് ഏറ്റവും പ്രധാനമെങ്കിലും വിവാഹത്തോടനുബന്ധിച്ച് മറ്റു പല ചടങ്ങുകളും സന്ദര്‍ഭങ്ങളും ഉണ്ട്. അപ്പോഴൊക്കെ വസ്ത്രങ്ങളും മാറുന്ന പ്രവണത ഉണ്ട്. അങ്ങനെ വരുന്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഡിസൈനര്‍മാരോട് പറയുക. സിംപിള്‍ ലുക്ക് തരുന്നവ വേണോ എത്രമാത്രം മോടി അതിന് വേണം അതിന്റെ നിറങ്ങള്‍ ഒക്കെ അവര്‍ നിര്‍ദേശിക്കും. കഴിയുമെങ്കില്‍ നിങ്ങള്‍ ഏല്‍പ്പിക്കുന്ന ഡിസൈനര്‍ മുന്പ് ചെയ്ത വര്‍ക്കുകള്‍ കാണുക. അതുപയോഗിച്ചവരെ നേരിട്ട് ഒന്നു ബന്ധപ്പെടാന്‍ ശ്രമിക്കുക. നിങ്ങളുടെ ഡിസൈന്‍മാരില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും അത് സഹായിക്കും. 

ഇനി വരനും വധുവിനും മാത്രമല്ല, വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ഡിസൈന്‍ ചെയ്യാറുണ്ട്. ഓരോ അംഗങ്ങളും എങ്ങനെ വിവാഹ ദിനത്തില്‍ തിളങ്ങണം. ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ തിരിച്ചറിഞ്ഞ് നന്നായി ഡിസൈന്‍ ചെയ്യുന്നവരുണ്ട്. ബൊട്ടീക്കുകള്‍ ഇതില്‍ ഏറെ സഹായകമാണ്. ബൊട്ടീക്കുകളില്‍ വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിലും നല്ലത് ഇത്തരം സ്ഥലങ്ങളിലെ ഡിസൈനര്‍മാരെ കണ്ടെത്തി അവരുടെ വര്‍ക്കുകള്‍ നേരിട്ടു കാണുന്നതാണ്. അങ്ങനെയും ഡിസൈനര്‍മാരെ എളുപ്പം കണ്ടെത്താം. നിങ്ങളും അല്‍പ്പം തല്‍ പുകക്കൂ എല്ലാം ഡിസൈനര്‍മാര്‍ക്ക് വിട്ടുകൊടുക്കാതെ. അപ്പോള്‍ എല്ലാം ഭംഗിയില്‍ കലാശിക്കും.