ഇത് കമ്പ്യൂട്ടർ ലോകത്തെ മാന്ത്രികന്റെ കഥ ....തൊട്ടതെല്ലാം പൊന്നാക്കിയ ബില്‍ഗേറ്റ്സിന്റെ ജീവിതകഥ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് കമ്പ്യൂട്ടർ ലോകത്തെ മാന്ത്രികന്റെ കഥ ....തൊട്ടതെല്ലാം പൊന്നാക്കിയ ബില്‍ഗേറ്റ്സിന്റെ ജീവിതകഥ

വില്യം ഹെന്‍റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സ് 1955 ഒക്ടോബര്‍ 28ന് അമേരിക്കയിലെ സിയാറ്റിലില്‍ ജനിച്ചു. അറ്റോര്‍ണിയായ വില്യം എച്ച്. ഗേറ്റ്സ് സീനിയറിന്റെയും മേരി മാക്സ്വെല്‍ ഗേറ്റ്സിന്റെയും മൂന്നു മക്കളില്‍ ഏക ആണ്‍തരി ആയിരുന്നു ബില്‍ഗേറ്റ്സ്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച  ബില്‍ഗേറ്റ്സിനെ നിയമത്തിന്റെ വഴിയില്‍ ഒരു മിടുക്കനായി തീര്‍ക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. 
പക്ഷെ ബിൽ ഗേറ്റ്സ് തിരഞ്ഞെടുത്തത് കംപ്യൂട്ടറിന്റെ ലോകമായിരുന്നു.  


ബില്‍ഗേറ്റ്സിന്റെ പതിമൂന്നാം വയസ്സിലാണ് കംപ്യൂട്ടര്‍ഭ്രമം തലയ്ക്കുപിടിക്കുന്നത്. ലെയ്ക്ക്സൈഡ് സ്കൂളിലെ ഒരു കംപ്യൂട്ടറിലായിരുന്നു ബില്‍ഗേറ്റ്സിന്റെ തുടക്കം. ഗണിതത്തില്‍ മിടുക്കുകാട്ടിയിരുന്ന ബില്‍ഗേറ്റ്സ് കംപ്യൂട്ടര്‍ഗെയിമിനു വേണ്ടിയുള്ള പ്രോഗ്രാം എഴുതിക്കൊണ്ടായിരുന്നു അരങ്ങേറിയത്. ഇതിലൂടെ കംപ്യൂട്ടറുമായി ചങ്ങാത്തം ഊട്ടിയുറപ്പിച്ച ഗേറ്റ്സ് പിന്നീട് മറ്റ് പല സ്ഥലങ്ങളിലും പോയി തന്റെ മിടുക്ക് പരിശോധിക്കാന്‍ തുടങ്ങി. കൂട്ടുകാരോടൊപ്പം പല സ്ഥലങ്ങളിലും കംപ്യൂട്ടര്‍ പഠിക്കാനും മറ്റും കറങ്ങിത്തിരിഞ്ഞു നടന്ന ബില്‍ഗേറ്റ്സിനും സംഘത്തിനും ഒരു ദിവസം 'പണി' കിട്ടി. കംപ്യൂട്ടര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനായി ഒരുദിവസം ഓഫീസിലെത്തിയ ബില്‍ഗേറ്റ്സിനെയും മൂന്ന് കൂട്ടുകാരെയും കോര്‍പ്പറേഷന്‍ അധികൃതര്‍ പുറത്താക്കി. എന്തിനെന്നല്ലേ? സമയംക്രമം വച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സംവിധാനമായിരുന്നു കോര്‍പ്പറേഷനിലേത്. ഈ സമയക്രമത്തെ മറികടക്കുന്നതിനായി അവിടെയുള്ള കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു ബഗിനെ പ്രവര്‍ത്തനക്ഷമമാക്കിയതിന്. ഓസിന് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയതിന് പോള്‍ അലന്‍ അടക്കം മറ്റ് കൂട്ടുകാരും പുറത്ത്.

 

 

പിന്നീട് ഈ നാല്‍വര്‍ സംഘം തന്നെ ഡിബഗിംഗിലൂടെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി. അതിനിടെയാണ് ഈ കുട്ടിസംഘത്തിന് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഇന്‍കോര്‍പ്പറേഷനില്‍ നിന്ന് മറ്റൊരു വാഗ്ദാനം ലഭിക്കുന്നത്. കോബോള്‍ ഭാഷയില്‍ പേറോള്‍ (Payroll) പ്രോഗ്രാം തയ്യാറാക്കുന്നതിനാണിത്. സമയപരിധി നോക്കാതെ അവിടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കാം പിന്നെ റോയല്‍റ്റിയും - അതായിരുന്നു കുട്ടിസംഘത്തിനുള്ള കോര്‍പ്പറേഷന്റെ പ്രതിഫല വാഗ്ദാനം. ഇത്തരം പ്രോഗ്രാമിംഗ് ശേഷികളെല്ലാം തിരിച്ചറിഞ്ഞ ബില്‍ഗേറ്റ്സിന്റെ സ്കൂള്‍ അധികാരികള്‍ മറ്റൊരു ജോലി കൂടി ഇവനെ ഏല്‍പ്പിച്ചു. വിവിധ ക്ളാസ്സുകളിലായി കുട്ടികളെ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കാന്‍. ഈ പ്രോഗ്രാമില്‍ ഒരു കുസൃതി ഒപ്പിച്ചുകൊണ്ടാണ് ഗേറ്റ്സ് തുടങ്ങിയത്. പെണ്‍കുട്ടികള്‍ കൂടുതലുള്ള ക്ളാസ്സില്‍ തനിക്ക് സ്ഥാനം ലഭിക്കുന്ന വിധത്തിലുള്ള ഒരു പ്രോഗ്രാം, അങ്ങനെ യൊരു പ്രോഗ്രാമാണ് ഗേറ്റ്സ് തയ്യാറാക്കിയത്! തന്റെ പതിനേഴാമത്തെ വയസ്സില്‍ പോള്‍ അലന്‍, പോള്‍ ഗില്‍ബര്‍ട്ട് എന്നീ കൂട്ടുകാരോടൊപ്പം ചേര്‍ന്ന്
Traf-O-Data എന്ന പേരില്‍ ഒരു സംരംഭം ഉണ്ടാക്കി. ഇന്റലിന്റെ 8008 മൈക്രോപ്രോസര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാഫിക് കൌണ്ടര്‍ ആയിരുന്നു ഇത്. റോഡ് വഴിയുള്ള ഗതാഗതം സംബന്ധിച്ച് ട്രാഫിക് എന്‍ജിനീയര്‍മാര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. അങ്ങനെ ആദ്യ വര്‍ഷം 20,000 അമേരിക്കന്‍ ഡോളര്‍ വരുമാനം ഈ പിള്ളേര്‍ സംഘം സ്വന്തമാക്കി. 1973ല്‍ ലെയ്ക്സൈഡ് (Lakeside) സ്കൂളില്‍ നിന്ന് പാസ്സായി പുറത്തുകടന്നു. പിന്നെ ബിരുദം സമ്പാദനത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. പക്ഷേ, ഈ മോഹം പൂവണിയിക്കാന്‍ ബില്‍ഗേറ്റ്സിന് അവിടെ നില്‍ക്കാനായില്ല. അതിനിടെയായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ ജനനം. മൈക്രോസോഫ്റ്റിലേക്ക് ചേക്കേറിയ പലരെയും കണ്ടുമുട്ടിയത് ഇവിടെ വച്ചായിരുന്നു. മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സ്റ്റീവ് ബാമര്‍ അവരിലൊരാളാണ്.

 

 

സോഫ്റ്റ്വെയറിന്റെ ഭാവി

ഇന്റല്‍ കമ്പനി അവരുടെ 8080 മൈക്രോപ്രോസസര്‍ പുറത്തിറക്കിയ കാലം. 200 ഡോളറില്‍ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തില്‍ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബില്‍ഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെറിയ മുതല്‍ മുടക്കില്‍ കംപ്യൂട്ടര്‍ ലഭ്യമാവുമ്പോള്‍ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താന്‍ ബില്‍ഗേറ്റ്സ് തന്റെ സ്വതസിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാന്‍ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.

 

 

 

തുടക്കം മൈക്രോ-സോഫ്റ്റിലൂടെ

ചെറുപ്പത്തിലേ ഉള്ള കളിക്കൂട്ടുകാരന്‍ പോള്‍ അലനുമൊന്നിച്ചാണ് മൈക്രോ-സോഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫന്‍ എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാന്‍ കൊതിച്ചിരുന്ന അച്ഛന്‍ കംപ്യൂട്ടര്‍ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിന് ബില്‍ഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നല്‍കി. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ വന്ന ഒരു ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അല്ടിര്‍ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയര്‍. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ് റോബര്‍ട്ട്, ഡെമോ വേര്‍ഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബില്‍ഗേറ്റ്സും കൂട്ടുകാരും അതില്‍ വിജയം കണ്ടു. ഇത് ആള്‍ടെയര്‍ ബേസിക് എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോള്‍ അലന്‍ എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബില്‍ഗേറ്റ്സും കൂടെക്കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.

 

മൈക്രോസോഫ്റ്റ്റിന്റെ ഉദയം

ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ എത്തി. പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാര്‍ട്ണര്‍ഷിപ്പിന് പോള്‍ അലനും ബില്‍ഗേറ്റ്സും തുടക്കം കുറിക്കുന്നത്. ഇതിന് ഘയനഴസറസബര്‍ എന്ന പേരാണ് ആദ്യം നല്‍കിയത്. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന പേരില്‍ നിന്ന് ഹൈഫന്‍ എടുത്തുകളഞ്ഞു. അത് മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റിന്റെ ബേസിക് ആള്‍ടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലാകാന്‍ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ 1976 ഫെബ്രുവരിയില്‍ ഒരു ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കില്‍ പണം നല്‍കിയേ മതിയാകൂ - ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബില്‍ഗേറ്റ്സിന്റെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരുന്ന സമയമായിരുന്നു അത്.

 

1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തില്‍ കമ്പനിയുടെ ഓഫീസ് അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റില്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവര്‍ഷം പരിശോധിച്ച ബില്‍ഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.

ഐ.ബി.എമ്മിന് പറ്റിയ അബദ്ധം

1980കളില്‍ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ബേസിക് ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കുവാന്‍ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളില്‍ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടര്‍ന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുനല്‍കാനായി ബില്‍ഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാല്‍ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കളായ ഡിജിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതര്‍ ഡിജിറ്റല്‍ റിസര്‍ച്ചുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലൈസന്‍സിംഗ് സംബന്ധമായ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റല്‍ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതായിരുന്നു.

 

മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടര്‍ന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബില്‍ഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി PC DOS എന്ന പേരില്‍ ഐ.ബി. എമ്മിന് നല്‍കി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബില്‍ഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നില്‍വച്ചു- PC ഡോസ്പകര്‍പ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടര്‍രംഗത്തെ ഭീമന്‍മാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നല്‍കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്വെയര്‍ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതല്‍ കംപ്യൂട്ടറുകള്‍ വില്‍ക്കുന്നതിലൂടെ തങ്ങള്‍ക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളര്‍ ഫീസ് നല്‍കിയാണ് മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടേഴ്സില്‍ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളര്‍ ലാഭത്തില്‍. മാത്രമല്ല പകര്‍പ്പവകാശം സ്വന്തം കീശയില്‍ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ് 
MS DOS എന്ന പേരില്‍ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മള്‍ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടര്‍ലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാന്‍.


Business at the speed of thought, The Road Ahead എന്നീ പുസ്തകങ്ങള്‍ ബില്‍ഗേറ്റ്സ് രചിച്ചിട്ടുണ്ട്. അറിവിനെ ഒരാള്‍ എങ്ങനെ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനെ അധികരിച്ചായിരിക്കും അയാളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് എന്ന് കരുതുന്ന ബില്‍ഗേറ്റ്സ് മികച്ച ആശയങ്ങളാണ് ബുക്കിലൂടെ യുവമനസ്സുകളുമായി പങ്കുവയ്ക്കുന്നത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 2005 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ചടങ്ങില്‍ വച്ച് എലിസബത്ത് രാജ്ഞി, ബില്‍ഗേറ്റ്സിന് 'സര്‍' എന്ന പദവി നല്‍കി ആദരിച്ചു. ബിസിനസ്സ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തില്‍ ആരോഗ്യകാര്യത്തില്‍ ഫൌണ്ടേഷന്‍ വഴിയും മറ്റും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ടൈം മാഗസിന്‍ ബില്‍ഗേറ്റ്സിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി വര്‍ഷങ്ങളില്‍ വിവിധ മാഗസിനുകള്‍ അതത് വര്‍ഷത്തെ മികച്ച വ്യക്തിയായും ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചില്ലെങ്കിലും 2007 ജൂണ്‍ മാസം അവര്‍ ബില്‍ഗേറ്റ്സിനെ ഓണററി ബിരുദം സമ്മാനിച്ച് ആദരിച്ചിരുന്നു. ഇതിനു പുറമെ മറ്റ് രാജ്യങ്ങളിലേതടക്കം നിരവധി യൂണിവേഴ്സിറ്റികളും ബില്‍ഗേറ്റ്സിന് ഹോണററി ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.