ഓസോണ്‍ പാളി തകര്‍ന്നാല്‍ എന്ത് സംഭവിക്കും;പാളിയും ഭൂമിയും തമ്മിലുളള ബന്ധത്തിലേക്കൊരു തിരിഞ്ഞുനോട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓസോണ്‍ പാളി തകര്‍ന്നാല്‍ എന്ത് സംഭവിക്കും;പാളിയും ഭൂമിയും തമ്മിലുളള ബന്ധത്തിലേക്കൊരു തിരിഞ്ഞുനോട്ടം

പണ്ട് നമ്മള്‍ സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ട് ഓസോണ്‍ പാളിയെക്കുറിച്ച്. പക്ഷെ പാളി തകര്‍ന്നാലുളള അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഭൂമിയില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ഉയരത്തിലാണ് ഓസോണ്‍ പാളിയുടെ സ്ഥാനം. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോണ്‍ പാളി. ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനികരമാകുന്നവയാണ് അള്‍ട്രാവയലറ്റ് രശ്മികള്‍.അതുകൊണ്ട് തന്നെ ഈഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നു ജീവജാലങ്ങളെ രക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. മാത്രമല്ല,ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. ഇത് സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. 

 

ഓസോണ്‍ പാളിയുടെ ചരിത്ര കഥയിലേയ്ക്ക്


 
ഓസോണ്‍ പാളിയ്ക്കും ഉണ്ട് ഇനി ഒരു കൊച്ചു ചരിത്ര കഥ പറയാന്‍. പാളിയുടെ ചരിത്ര കഥയിലേയ്‌ക്കൊരു എത്തിനോട്ടം.1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാള്‍സ് ഫാബ്രി, ഹെന്റി ബിഷണ്‍ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്‌സണ്‍ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്‌പെക്ട്രോഫോമീറ്റര്‍ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാന്‍ സാധിക്കുന്നു. 1928 നും 1958 നും ഇടയില്‍ അദ്ദേഹം ലോകവ്യാപകമായി ഓസോണ്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഘല സ്ഥാപിച്ചു. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്‌സണ്‍ യൂണിറ്റ് എന്നു വിളിക്കുന്നു. കാലാ കാലങ്ങളായി എല്ലാവര്‍ഷവും സെപ്റ്റംബര്‍ 16 ന് ഓസോണ്‍ ദിനമായി ആചരിച്ച് വരുന്നു.

 

പാളിയുടെ ഘടനയെയും ഉല്‍പാദനത്തെയും കുറിച്ചൊരു പഠനം

പാളിയുടെ ഘടനയെയും ഉല്‍പാദനത്തെയും കുറിച്ച് അറിയേണ്ടെ.ഈ അപൂര്‍വ്വപ്രക്രിയ കണ്ടുപിടിച്ചത്് സിഡ്‌നി ചാപ്മാന്‍ (18881970) എന്ന ഗണിതജ്ഞനാണ്.സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.UV-A, UV-B, UV-C എന്നിങ്ങനെ. UV-A എന്നത് 315 മുതല്‍ 400 നാനോമീറ്റര്‍ (nanometre, nm) വരെ തരംഗദൈര്‍ഘ്യമുള്ള ഭാഗമാണ്. UV-B എന്നത് 280 nm മുതല്‍ 315 nm വരെയും, ഇതില്‍UV-C  100 nm മുതല്‍ 280 nm വരെയുമാണ് കണക്കാക്കുന്നത്. ഇവയില്‍ UV-C ഓക്‌സിജന്‍ തന്മാത്രകളില്‍ പതിക്കുമ്പോള്‍ അവ വിഘടിച്ച് രണ്ട്് ഓക്‌സിജന്‍ പരമാണുക്കളായി വേര്‍തിരിയാന്‍ ഇടയാക്കുന്നു. എന്നിരുന്നാലും, വായുവില്‍ മിക്ക മൂലകങ്ങളുടെയും പരമാണുവിന് ഒറ്റയ്ക്ക് നിലനില്‍ക്കാനാവുന്നതല്ല. ഓക്‌സിജന്റെ കാര്യത്തില്‍ അതു് മറ്റൊരു തന്മാത്രയുമായി കൂടിച്ചേര്‍ന്നു് ഓസോണ്‍ തന്മാത്ര ഉണ്ടാവുകയാണ് ചെയ്യുന്നത്. 

ഭൂമിയുടെ ഉപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോണ്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അതിന്് ഹേതുവാകുന്ന ഒരു കാര്യം മിന്നലാണ്്. ഓസോണ്‍ കണ്ടുപിടിച്ചതുതന്നെ ഒരു വൈദ്യുതയന്ത്രത്തില്‍ നിന്നാണല്ലോ എ്ന്നാണ് പറയുന്നത്. മിന്നല്‍ എന്നത് വൈദ്യുത സ്പാര്‍ക്കാണ്. ഇത്തരത്തിലുളള വൈദ്യുത സ്പാര്‍ക്കുകളും ഓസോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്്. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ വൈദ്യുതമോട്ടോറുകള്‍ കൂടുതല്‍ ഓസോണ്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ മോട്ടോറുകളെ കൂടാതെ ഓസോണ്‍ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ് ഫോട്ടോകോപ്പിയറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍, ലേസര്‍ പ്രിന്ററുകള്‍, തുടങ്ങിവ. ഇവ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന വോള്‍ട്ടേജ് ഉപയോഗിക്കുന്നവയാണ്. 

ഇതിനുപുറമെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോണ്‍ ഉണ്ടാവാന്‍ ഇടയാകുന്നുണ്ട്.  പ്രധാനമായി നഗരപ്രദേശങ്ങളിലാണ് ഇത്തരം രാസവസ്തുക്കള്‍ ഉണ്ടാകുന്നത്്. എങ്കിലും കിലോമീറ്ററുകള്‍ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ട്.  നൈട്രജന്റെ ഓക്‌സൈഡുകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥേന്‍ പോലത്തെ എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കള്‍ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഓസോണുണ്ടാകുന്നത്.ഇത്തരത്തിലുണ്ടാകുന്ന ഓസോണ്‍ 'ഫോട്ടോക്കെമിക്കല്‍ സ്‌മോഗ്' (photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിന് വഴിയൊരുക്കുന്നു.

 

ഓസോണ്‍ പാളിയുടെ നാശനം

ഓസോണ്‍ പാളിയുടെ നാശം ഇന്ന് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇന്ന് മനുഷ്യന്‍ നേരിടുന്ന ഒരു പ്രധാന വിപത്തും ഇതുതന്നെയാണ്. നൈട്രസ് ഓക്‌സൈഡ്(NO), നൈട്രിക് ഓക്‌സൈഡ്(N2O), ഹൈഡ്രോക്‌സില്‍(OH), അറ്റോമിക ക്ലോറിന്‍(Cl), ബ്രോമിന്‍(Br) എന്നിവ ഓസോണ്‍ പാളിയുടെ നാശനത്തിനു കാരണമാന്‍ ഇടയാക്കുന്നു. മാത്രമല്ല,മനുഷ്യ നിര്‍മ്മിതങ്ങളായ ക്ലോറോഫ്‌ലൂറോ കാര്‍ബണ്‍(CFC), ബ്രോമോഫ്‌ലൂറോ കാര്‍ബണ്‍ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്.കൂടാതെ,അടുത്തായി ഹൈഡ്രോ ക്ലോറോഫ്‌ലൂറോ കാര്‍ബണ്‍ ഇനത്തില്‍ വരുന്ന വസ്തുക്കളും ഓസോണ്‍ പാളിയുടെ നശീകരണത്തിനു കാരണമായി പഠത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
ഓസോണ്‍ ഒരു ഹരിതഗൃഹവാതകവുമാണ്. കൂടുതല്‍ ഓസോണ്‍ അടങ്ങിയ വായു ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകാം. ആസ്ത്മ ഉള്ളവര്‍ക്ക് അത് അധികരിക്കാന്‍ സാദ്ധ്യതയുണ്ട്. രക്തധമനികള്‍ക്കും ഹൃദയത്തിനുപോലും പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് കാരണമാകന്നുവെന്നും പറയുന്നു.

2018ല്‍ ഏറ്റവും പുതിയതായി പുറത്തുവന്ന വാര്‍ത്ത ഏറെ ശുഭകരമാണ്.ഓസോണ്‍പാളിയിലെ വിള്ളല്‍ അതിവേഗം അടയുന്നതായി യു.എന്‍. റിപ്പോര്‍ട്ടായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. പ്രതിവര്‍ഷം മൂന്ന് ശതമാനമെന്ന നിലയിലാണു വിള്ളല്‍ അടയുന്നത്. 1980കളിലാണു അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഓസോണ്‍ പാളിയില്‍ വിള്ളല്‍ കണ്ടെത്തിയത്. 2060 ല്‍ പ്രശ്നം അവസാനിക്കുമെന്നാണ് യു.എന്‍ നിയന്ത്രണത്തിലുള്ള ഡബ്ല്യു.എം.ഒ. പഠനം വ്യക്തമാക്കുന്നത്.പാളിയിലെ നിലനില്‍ക്കുന്ന ഇത്തരത്തിലുളള വിള്ളല്‍ ഭൂമിയില്‍ ക്യാന്‍സര്‍ബാധ കൂട്ടുമെന്നാണു പഠനങ്ങളിലൂടെ വിലയിരുത്തുന്നത്. റെഫ്രിജെറേറ്ററിലും എസിയും ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോ കാര്‍ബണാ(സിഎഫ്സി)ണ് ഓസോണ്‍ പാളിയിലെ വിള്ളലിനു കാരണമെന്നു 1970 കളില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളുടെ നടപടിക്ക് 1987 വരെ കാത്തിരിക്കേണ്ടിവന്നു. 2000 മുതലാണു വിള്ളല്‍ ചെറുതാകാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.ചുരുക്കി പറഞ്ഞാല്‍ ഓസോണ്‍ പാളിയില്ലെങ്കില്‍ ഭൂമി ഇല്ലാതാകുമെന്ന് പറയാം. പാളിക്ക് പൂര്‍ണ്ണ നാശം സംഭവിച്ചാല്‍ ഭൂമിയുടെ ഗതി മാറി മറിയും.