സന്നാഹ മത്സരത്തിൽ ഓസീസിന് 103 റൺസ് വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നാഹ മത്സരത്തിൽ ഓസീസിന് 103 റൺസ് വിജയം

 ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിന് അട്ടിമറികളൊന്നുമില്ലാതെ അനായാസ വിജയത്തുടക്കം. ആദ്യ സന്നാഹ  മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ 103 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇലവന്‍ പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ 244 റണ്‍സിന് പുറത്തായി. മികച്ച ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (64), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (55), ട്രാവിസ് ഹെഡ് (65), മാര്‍ക്കസ് സ്റ്റോയിനിസ് (76) എന്നിവരുടേയും 24 പന്തില്‍ 45 റണ്‍സ് എടുത്ത മാത്യു വെയ്ഡിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കിട്ടിയ അവസരം മികച്ച ബാറ്റിംഗ് പരിശീലനമാക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിഞ്ഞു. ബോര്‍ഡ് പ്രസിഡന്റ്‌സ് ബൗളര്‍മാരില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. എട്ടോവറില്‍ 23 റണ്‍സ് വഴങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് അല്‍പമെങ്കിലും മാന്യമായ നിലയില്‍ കളം വിട്ടത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്സ് ഇലവന് ഓപ്പണർ രാഹുൽ ത്രിപതിയെ (7) നേരത്തേ നഷ്ടമായി. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും (42) ശ്രീവാസ്ത് ഗോസ്വാമിയും(43) ചേർന്ന് സ്കോർ ഉയർത്തിയെങ്കിലും ഇരുവരുടെയും വിക്കറ്റ് വീണതോടെ മധ്യനിരയിലെ തകർച്ച തുടങ്ങി. വാലറ്റത്ത് അക്ഷയ് കർണേശ്വറും(40) കുഷാങ് ട്ടേലും (41 നോട്ട്ഔട്ട്) നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആഷ്ടണ്‍ ആഗറാണ് ഇന്ത്യന്‍ ഇലവനെ തകര്‍ത്തത്. 

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കാണ് ഓസീസ് ടീം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം ഈ മാസം 17 ന് നടക്കും.


LATEST NEWS