ഐ-ലീഗില്‍ ഗോകുലം എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ-ലീഗില്‍ ഗോകുലം എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

കോഴിക്കോട്: മുപ്പതിനായിരത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഗോകുലം എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി. ഐ-ലീഗില്‍  രാജേഷിന്റെ ഗോളില്‍ ചാമ്പ്യന്‍മാരെ അട്ടിമറിച്ചാണ് വിജയം കരസ്ഥമാക്കിയത്.നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ ഗോകുലം ഒരൊറ്റ ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി കേരള ടീം രണ്ടാമത്തെത്തി.60-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട രാജേഷാണ് കേരള ടീമിന്റെ വിജയശില്‍പ്പി. ഉയര്‍ന്നു വന്ന ക്രോസ് ഹെഡ് ചെയ്ത് രാജേഷ് മിനര്‍വയുടെ വലയിലെത്തിക്കുകയായിരുന്നു.

പതിവിന് വിപരീതമായി രാത്രി 7.30ന് തുടങ്ങിയ മത്സരത്തിന് ഇടക്ക് ഫ്‌ളഡ് ലിറ്റ് കണ്ണുചിമ്മി. അതിനുശേഷം തുടര്‍ന്ന് ഇരുപത് മിനിറ്റോളം മത്സരം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഈ സമയനഷ്ടം പരിഹരിക്കാന്‍ ആദ്യ പകുതിക്ക് ശേഷം 21 മിനിറ്റ് അധിക സമയം നല്‍കി. പക്ഷേ നീണ്ടു പോയ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.