സാങ്കൽപ്പിക നോട്ട്ബുക്കിൽ വിക്കറ്റ് എഴുത്ത്; കരീബിയൻ ലീഗിലെ മധുരപ്രതികാര കഥ കാണാം (വീഡിയോ)

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാങ്കൽപ്പിക നോട്ട്ബുക്കിൽ വിക്കറ്റ് എഴുത്ത്; കരീബിയൻ ലീഗിലെ മധുരപ്രതികാര കഥ കാണാം (വീഡിയോ)

മാന്യതയുടെ കാലിയാണെങ്കിലും ക്രിക്കറ്റിൽ പലപ്പോഴും താരങ്ങള്‍ തമ്മിൽ കൊമ്പ് കോർക്കാറുണ്ട്. പരസ്പരം കളിയാക്കാറുമുണ്ട്.  ചിലപ്പോള്‍ ചില പ്രതികാരങ്ങള്‍ക്ക് മികച്ച പ്രകടനത്തിലൂടെ തിരിച്ചടിയും നല്‍കാറുണ്ട്. അത്തരത്തിലൊരു പ്രകടനമാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലും കഴിഞ്ഞദിവസം നടന്നത്.

സി.പി.എല്ലില്‍ ജമൈക്ക ടലവാഹ്‌സിന്റെ ബൗളര്‍ കെസ്‌റിക് വില്ല്യംസിന്റെ വിക്കറ്റാഘോഷമാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ശേഷം അവരുടെ പേര് സാങ്കല്‍പ്പിക നോട്ടുപുസ്തകത്തില്‍ കുറിച്ചുവെക്കുന്ന രീതിയിലൂടെയാണ് കെസ്‌റിക്ക് പ്രശ്‌സ്തനായത്. ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ ചാഡ്‌വിക്ക് വാള്‍ട്ടനെ പുറത്താക്കിയാണ് കെസ്‌റിക്ക് ഇങ്ങനെ പരിഹസിച്ചത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ കെസ്‌റിക്കിന് വാള്‍ട്ടന്‍ മറുപടിയും നല്‍കി.

ടലവാഹ്‌സും ആമസോണ്‍ വാരിയേഴ്‌സും വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോഴായിരുന്നു ചാഡ്‌വിക്കിന് പ്രതികാരം തീര്‍ക്കാനുള്ള അവസരം കിട്ടിയത്. മത്സരത്തില്‍ കെസ്‌റിക്കിനെ തലങ്ങും വിലങ്ങും ബൗണ്ടറിയിലേക്ക് പായിച്ച ചാഡ്‌വിക്ക് ഓരോ ഷോട്ടിന് ശേഷവും തന്റെ ബാറ്റിനെ സാങ്കല്‍പ്പിക നോട്ട്ബുക്കാക്കി ഓരോ റണ്‍സും എഴുതിച്ചേര്‍ത്തു.

കെസ്‌റിക്കിനെ നേരിട്ട ആദ്യ ഓവറില്‍ തന്നെ ചാഡ്‌വിക്ക് നേടിയത് 23 റണ്‍സാണ്. തുടര്‍ന്നും കെസ്‌റിക്കിനെ അടിച്ചുപരത്തിയ ചാഡ്‌വിക്ക് 40 പന്തില്‍ നിന്ന് 84 റണ്‍സ് കണ്ടെത്തി ആമസോണ്‍ വാരിയേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.