ധോണിക്ക് തോല്‍വിയോടെ മടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധോണിക്ക് തോല്‍വിയോടെ മടക്കം

മുംബൈ : ക്യാപ്റ്റനായ അവസാന മത്സരത്തില്‍ ധോണിക്ക് തോല്‍വിയോടെ മടക്കം. നായകനായ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ഇലവനോട് മൂന്നു വിക്കറ്റിനാണ് ധോണിപ്പട തോല്‍വി വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇലവന്‍ ഏഴു പന്ത് ശേഷിക്കെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. സാം ബില്ലിംഗ്‌സ്(93), ജേസണ്‍ റോയ്(62), ജോസ് ബട്‌ലര്‍(46), അലക്‌സ് ഹെയ്ല്‍സ്(43), ലിയാം ഡോസണ്‍(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയമൊരുക്കിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റ് നേടി. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയായിരുന്നു കുല്‍ദീപിന്റെ പ്രകടനം. 

നേരത്തെ, നായകനായ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് കരുത്തുകാട്ടിയ മഹേന്ദ്ര സിംഗ് ധോണി, സെഞ്ചുറി കുറിച്ച അമ്പാട്ടി റായിഡു, അര്‍ധസെഞ്ചുറികളുമായി കളംനിറഞ്ഞ യുവരാജ് സിംഗ്, ശിഖര്‍ ധവാന്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. അമ്പാട്ടി റായിഡു 100 റണ്‍സെടുത്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി. 97 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്‌സ്. ധവാന്‍-63, യുവരാജ്-56 എന്നിങ്ങനെയായിരുന്നു സീനിയര്‍ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയ ധോണി പുറത്താകാതെ 68 റണ്‍സെടുത്തു. 40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്. അവസാന ഓവറില്‍ 23 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. അതേസമയം, ആറാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍തന്നെ സഞ്ജു പുറത്തായി.