ഇന്ത്യക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം

മുംബൈ: ഇന്ത്യക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് 305 റണ്‍സ് വിജയലക്ഷ്യം. അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയും(100) എം എസ് ധോണി(68), ശിഖര്‍ ധവാന്‍(63)‍, യുവരാജ് സിംഗ്(56) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെയും മികവില്‍ ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 304 റണ്‍സെടുക്കുകയായിരുന്നു. 40 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയ ധോണിയുടെ വെടിക്കെട്ടാണ് ഇന്ത്യയുടെ സ്കോര്‍ 100 കടത്തിയത്. 97 പന്ത് നേരിട്ടാണ് അമ്പാട്ടി റായിഡു 100 റണ്‍സില്‍ എത്തിയത്. 100 റണ്‍സെടുത്ത അമ്പാട്ടി റായിഡു റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുമ്പോള്‍, 11 ബൗണ്ടറികളും ഒരു സിക്‌സറുകളും നേടിയിരുന്നു. ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗും മികച്ച പ്രകടനമാണ് നടത്തിയത്. 48 പന്തില്‍നിന്നാണ് യുവി 56 റണ്‍സെടുത്തത്. 84 പന്ത് നേരിട്ടാണ് ശിഖര്‍ ധവാന്‍ 63 റണ്‍സ് നേടിയത്. ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്‌ത മാന്‍ദീപ് സിംഗ് എട്ടു റണ്‍സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു വി സാംസണ്‍ ബാറ്റ് ചെയ്യാനെത്തിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ജേക്ക് ബാള്‍, ഡേവിഡ് ബില്ലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.