ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും പഞ്ചാബ് പോലിസ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ടുമായ ഹര്‍മന്‍ പ്രീത് കൗര്‍ നിയമനത്തിനായി നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ ഹര്‍മന്‍ കൗറിനെ സ്ഥാനത്ത് നിന്നും തരം താഴ്ത്തിയേക്കും.
 
ഹര്‍മന്‍ പ്രീത് സമര്‍പ്പിച്ച ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് ആണ് വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞത്. താരത്തെ കോണ്‍സ്റ്റബിള്‍ ആയി തരംതാഴ്ത്തുമെന്നാണ് സൂചന. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് ഹര്‍മന്‍ പ്രീത് വ്യക്തമാക്കിയിരിക്കുന്നത്.
 
തന്‍റെ കോച്ചാണ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയെടുത്തതെന്നും എളുപ്പത്തില്‍ ബിരുദം പാസാകം എന്നതിനാലാണ് ഇത് ചെയ്തതെന്നും മറ്റൊന്നും അറിയില്ലെന്നും ഹര്‍മന്‍ പ്രീത് വ്യക്തമാക്കി. എന്നാല്‍ ഹര്‍മന്‍ പ്രീത് കൗറിന് ഇപ്പോഴുള്ള സീനിയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി പഞ്ചാബ്‌ പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി നിയമിക്കാമെന്നും ബിരുദം നേടിയാലുടന്‍ ഡിഎസ്പി ആയി നിയമനം നല്‍കുമെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചിരിക്കുന്നത്.
 
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഫൈനല്‍ വരെ എത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍മന്‍ പ്രീത് കാഴ്ച്ച വച്ചത്.ഇതിനുള്ള പാരിതോഷികം ആയാണ് പോലീസില്‍ ജോലി നല്‍കിയത്. ശേഷം സര്‍ട്ടിഫിക്കറ്റ് മീററ്റിലെ സര്‍വ്വകലാശാലയില്‍ പരിശോധനയ്ക്കയച്ചപ്പോള്‍ ആണ് വ്യാജമാണെന്ന് തിരിച്ചറിയുന്നത്.