പുരുഷ, വനിതാ ഫുട്ബോൾ താരങ്ങൾക്ക് തുല്യവേതനവുമായി ഫിൻലൻഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുരുഷ, വനിതാ ഫുട്ബോൾ താരങ്ങൾക്ക് തുല്യവേതനവുമായി ഫിൻലൻഡ്

പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ഫിൻലൻഡ് ഫുട്ബോൾ. ഫിന്നിഷ് വനിതാ ടീമുമായി ഫുട്ബോൾ അസോസിയേഷൻ ഒപ്പുവെച്ച കരാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലു വർഷത്തെ കരാറിൽ ഇരു ടീമിലെയും താരങ്ങൾക്ക് തുല്യവേതനം നൽകുമെന്ന് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഇതോടെ ദേശീയ ടീമിനായി കളിക്കുമ്പോൾ വേതനവും ബോണസുമെല്ലാം ഇരുടീമം​ഗങ്ങൾക്കും തുല്യമായി നൽകും .
 ഫിന്നിഷ് വനിതാ ടീം ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന കാര്യമാണിത്. പുരുഷ ടീം ക്യാപ്റ്റൻ ടിം സ്പാർവ് ഇക്കാര്യത്തിൽ വനിതാ ടീമിന് പിന്തുണയുമായെത്തിയിരുന്നു. തുല്യവേതനം ഉറപ്പാക്കാനായി പുരുഷതാരങ്ങളുടെ വേതനം കുറയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ചരിത്രപ്രഖ്യാപനം വന്നിരിക്കുന്നത്. 
 ഫിന്നിഷ് പുരുഷ-വനിതാ ടീം താരങ്ങൾ ഈ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്തു. ‘ഇപ്പോൾ ഒരേ സ്വപ്നങ്ങളും ഗോളുകളും പങ്കുവെക്കപ്പെടുന്നത് പോലെ വേതനവും ഞങ്ങൾക്ക് ഒരുപോലെ പങ്കുവെക്കാം. സാമ്പത്തികമായി മെച്ചമാണ് എന്നതിനൊപ്പം ഞങ്ങൾ ഒരു പോലെ പരിഗണിക്കപ്പെടുന്നു എന്ന വിഷയത്തിലും ഞങ്ങൾക്ക് തുല്യവേതനം വളരെ പ്രധാനപ്പെട്ട ഒന്നാണ്’- വനിതാ ടീം ക്യാപ്റ്റൻ ടിഞ്യ റിക്ക കോർപല പറഞ്ഞു.
 ‘ഈ കോണ്ട്രാക്ട് ശരിക്കും വലിയ കാര്യമാണ്. വനിതാ ടീമിൻ്റെ കാര്യത്തിൽ എനിക്കു സന്തോഷമുണ്ട്. ഫിന്നിഷ് ഫുട്ബോൾ അസോസിയേഷൻ ഒരു പുതിയ വഴിയൊരുക്കിയിരിക്കുകയാണ്. ഇങ്ങനെയൊരു ചെറിയ കാര്യത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’- പുരുഷ ടീം ക്യാപ്റ്റൻ ടിം സ്പാർവ് പറഞ്ഞു. 
 ഈ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടരുമെന്ന് ഫിന്നിഷ് എഫ്.എ. പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ വനിതാ ലോകകപ്പിലെ സൂപ്പർ താരമായിരുന്ന അമേരിക്കയുടെ മേ​​ഗൻ റാപ്പിനോ ഏറെ നാളുകളായി തുല്യവേതനത്തിനായി പോരാട്ടം നടത്തി ശ്രദ്ധ നേടിയിരുന്നു.


LATEST NEWS