ക്രിക്കറ്റിലെ ക്ലാസിക് ക്യാച്ചുകളുടെ ഗണത്തില്‍ സഞ്ജു സാംസന്‍റെ ക്യാച്ചും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിക്കറ്റിലെ ക്ലാസിക് ക്യാച്ചുകളുടെ ഗണത്തില്‍ സഞ്ജു സാംസന്‍റെ ക്യാച്ചും

സൗത്ത് ആഫ്രിക്ക: സൗത്ത് ആഫ്രിക്ക എ ടീമിന് എതിരായ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ത്രസിപ്പിക്കുന്ന ജയം. വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ മനീഷ് പണ്ഡെയാണ്. 267 റണ്‍ പിന്തുടര്‍ന്ന് രണ്ടു ബോള്‍ ബാക്കി നില്‍ക്കെയുള്ള ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത് പാണ്ഡെയുടെ 93 ആണ്. പതിനഞ്ച് പന്തില്‍ കൃനാല്‍ പാണ്ഡ്യെ അടിച്ചുകൂട്ടിയ 25ഉം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിജയത്തിനു ശേഷം തലക്കെട്ടുകള്‍ പിടിച്ചടക്കിയത് സഞ്ജു സാംസനാണ്. ഫീല്‍ഡിലെ മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ താരമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചാം ഓവറില്‍ സഞ്ജുവെടുത്ത ക്യാച്ചാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്.

 

അവിശ്വസനീയം എന്നാണ് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. യുസ്വേന്ദ്ര ചഹാലിന്റെ പന്ത് പോയിന്റിനു മുകളിലൂടെ എഡ്ജ് ചെയ്തു വിട്ടതാണ് ഡ്വെയ്ന്‍ പ്രിട്ടോറിയസ്. ഫീല്‍ഡര്‍ക്കു മുകളിലൂടെ അനായാസം കടന്ന് പന്ത് ബൗണ്ടറിയിലേക്കു കുതിക്കുകയായിരുന്നു. പിന്നിലേക്കു ഡൈവ് ചെയ്ത സഞ്ജു അതിനെ കൈപ്പിടിയില്‍ ഒതുക്കിയത് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടുനിന്നത്. ക്രിക്കറ്റിലെ ക്ലാസിക് ക്യാച്ചുകളുടെ ഗണത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് സഞ്ജുവിന്റെ ക്യാച്ച്.