തകര്‍ത്തടിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കയക്കെതിരെ ഇന്ത്യയ്ക്ക് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തകര്‍ത്തടിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കയക്കെതിരെ ഇന്ത്യയ്ക്ക് ജയം


തിരുവനന്തപുരം: സഞ്ജു വി സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ദക്ഷിണാഫിക്ക എക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ ജയം. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് അടിച്ചുകൂട്ടി. 48 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും പറത്തിയ സഞ്ജു 91 റണ്‍സുമായി ടീമിന്‍റെ നട്ടെല്ലായി.
  
ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി എത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും ശ്രമിക്കാതെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ സ്കോര്‍ കുതിച്ചു. സഞ്ജുവില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പതിനാലാം ഓവറില്‍ ശിഖര്‍ ധവാനെ(36 പന്തില്‍ 51) നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ വീണു. 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സറും അടക്കം 91 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

അവസാന ഓവറുകളില്‍ നായകന്‍ ശ്രേയസ് അയ്യരുടെ ബാറ്റിംഗാണ് സ്കോര്‍ 200 കടത്തിയത്. ശ്രേയസ് 19 പന്തില്‍ 36 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്രൂറന്‍ ഹെന്‍ട്രിക്സ്, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.

അഞ്ച് മത്സരങ്ങളുടെ പരമ്ബരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച്‌ ഇന്ത്യ പരമ്ബര നേരത്തെ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തില്‍ നാല് റണ്‍സിന്‍റെ വിജയം ദക്ഷിണാഫ്രിക്ക നേടി.