സെഞ്ചുറിയുമായി രോഹിത്; ആറ് വിക്കറ്റെടുത്ത് കുൽദീപ്; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെഞ്ചുറിയുമായി രോഹിത്; ആറ് വിക്കറ്റെടുത്ത് കുൽദീപ്; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക്​ എട്ടുവിക്കറ്റ്​ ജയം. സെഞ്ചുറിയുമായി ഹിറ്റ്​മാൻ രോഹിത്​ (129) മുന്നിൽ നിന്നും നയിച്ചപ്പോൾ ഇന്ത്യൻ വിജയം വേഗത്തിലായി. ഇംഗ്ലണ്ട്​ മുന്നോട്ട്​ വച്ച 269 റൺസെന്ന വിജയലക്ഷ്യം അനായാസമാണ്​ ഇന്ത്യൻ നിര മറികടന്നത്​. 54 പന്തില്‍ അർധ സെഞ്ചുറി നേടിയ രോഹിത് 82 പന്തിലാണ് ശതകം പൂർത്തിയാക്കിയത്​.

നേരത്തെ 10 ഒാവറിൽ 25 റൺസ്​ വഴങ്ങി ആറ് വിക്കറ്റ്​ പിഴുത ഇടങ്കയ്യൻ സ്​പിന്നർ കുൽദീപ്​ യാദവാണ്​ ഇംഗ്ലണ്ട്​ സ്​കോർ 268ൽ ഒതുക്കിയത്​.​ ​ കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ്​ നേട്ടമാണ് നോട്ടിങ്​ഹാമിൽ കുൽദീപ്​ കുറിച്ചത്​.

നായകൻ വിരാട് കോഹ്‌ലി 75 റൺസ് നേടി. രണ്ടാം വിക്കറ്റിൽ രോഹിത്– കോഹ്‌ലി സഖ്യം 168 റൺസ് ചേർത്തു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി.

ഇംഗ്ലണ്ടിന്​ വേണ്ടി ബെൻ സ്​റ്റോക്​സ്​ (50) ജോസ്​ ബട്​ലർ (53) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്​റ്റോ എന്നിവർ 38 റൺസ്​ വീതമെടുത്ത്​ ടീമിനെ വൻ സ്​കോറിലേക്ക്​ നയിക്കുമെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ്​ പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട്​ തകരാൻ തുടങ്ങി. തുടർന്ന്​ ഒമ്പത്​ റൺസെടുക്കുന്നതിനിടെ നഷ്​ടമായത്​ മൂന്ന്​ വിക്കറ്റുകൾ.

അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മോയിൻ അലി (23 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24), ആദിൽ റഷീദ് (16 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 22 റൺസ്) എന്നിവരാണ് ഇംഗ്ലണ്ട് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. 

ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് 9.5 ഓവറിൽ 70 റൺസ് വഴങ്ങി രണ്ടും യുസ്‍‌വേന്ദ്ര ചാഹൽ 10 ഓവറിൽ 51 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.


LATEST NEWS