ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഒന്നാം ദിനം   ആറിന് 329 റൺസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഒന്നാം ദിനം   ആറിന് 329 റൺസ്

പല്ലേക്കലെ;  ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറിന് 329 റൺസെന്ന നിലയിൽ. ഒന്നാം വിക്കറ്റിൽ ധവാൻ–രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.

വൃദ്ധിമാൻ സാഹ (13), ഹാർദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിൽ.  ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെ ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് പടുത്തുയർത്തിയത് 188 റൺസ്. ഏകദിന ശൈലിയിൽ തകർത്തടിച്ച ധവാൻ 123 പന്തിൽ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു.

96.74 റൺ ശരാശരിയിലാണ് ധവാന്റെ സെ‍ഞ്ചുറി നേട്ടം. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ട് മറികടന്നാണ് ധവാൻ–രാഹുൽ സഖ്യം ലങ്കയിലെ സന്ദർശക ടീമിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്തായി. 


LATEST NEWS