ന്യൂസീലൻഡിനെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂസീലൻഡിനെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി

മുംബൈ: ന്യൂസീലൻഡിനെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് തോൽവി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 49 ഓവറിൽ 4 വിക്കെറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. 

ടോം ലേഥമിന്റെ സെഞ്ചുറി മികവിലാണ് ന്യൂസീലൻഡിന്റെ വിജയം–എട്ടു ഫോറുകളും രണ്ടു സിക്സറും ഉൾപ്പെടെ 102 പന്തിൽ നിന്നാണ് ലേഥം 103 റൺസെടുത്തത്. മുൻ ക്യാപ്റ്റൻ റോസ് ടെയ്‌ലർ 95 റൺസെടുത്തു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന സ്കോറിനെ പിന്തുടർന്നു വിജയിച്ചെന്ന റെക്കോർഡും ഇനി ന്യൂസീലൻഡിനു സ്വന്തം. 

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ കെട്ടിപ്പടുത്തത്. 125 പന്തില്‍ 121 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്. വിരാട് കോഹ്‍ലിയുടെ 31–ാം ഏകദിന സെഞ്ച്വറിയാണിത്. 200–ാം ഏകദിനത്തിൽ നേടിയ സെഞ്ച്വറി ടീമിന്റെ പ്രകടനത്തിലും നിർണായകമായി. കോഹ്‍ലി മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കോഹ്‍ലി ഇതോടെ സ്വന്തമാക്കി. 49 സെഞ്ച്വറിയുമായി സച്ചിനാണ് കോഹ്‍ലിക്കു മുന്നിലുള്ളത്.

ന്യൂസീലൻഡിനായി 35 റൺസ് മാത്രം വിട്ടുകൊടുത്തു നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റെ പ്രകടനം കൂറ്റൻ സ്കോർ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമായി. ന്യൂസീലാൻഡിന് വേണ്ടി ടിം സൗത്തീ മൂന്നു വിക്കറ്റും മിച്ചൽ സാന്‍റ്നർ ഒരു വിക്കറ്റും വീഴ്ത്തി.