ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ –പാക്ക് ഫൈനൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ –പാക്ക് ഫൈനൽ

ബിർമിംഗ്ഹാം : ബംഗ്ലാദേശിനെ അനായാസം വീഴ്ത്തി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫെെനലിൽ കടന്നു. സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെയും(123) അർദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയു (96) ടെയും കരുത്തിലാണ് ഇന്ത്യ അനായസവിജയം നേടിയത്. അപാരാജിതമായ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 178 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവർക്കും പുറമെ ശിഖർ ധവാനും (46) ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഞായറാഴ്ച നടക്കുന്ന ഫെെനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.

 

ഓപ്പണിംഗ് വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയതിന് ശേഷമാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. മഷ്റഫ് മൊർത്താസയാണ് ധവാന്റെ വിക്കറ്റ് നേടിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.

 

മികച്ച തുടക്കം കിട്ടിയിട്ടും മദ്ധ്യനിര തകർന്നതാണ് കൂറ്റൻ സ്കോർ നേടുന്നതിന് ബംഗ്ലാദേശിന് വിനയായത്. അർദ്ധ സെഞ്ചുറി നേടിയ തമീം ഇക്ബാലും മുഷ്ഫിക്കർ റഹ്മാനുമാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ജസ്‌പ്രീത് ബുംറ, കേദാർ ജാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറ് റൺസെത്തി നിൽക്കെ സൗമ്യ സർക്കാരെ മടക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മനിച്ചത്. പിന്നീടെത്തിയ ഷബീർ റഹ്മാൻ പതുക്കെ തുടങ്ങിയെങ്കിലും നിലയുറപ്പിക്കും മുമ്പേ ഷബീറിനെ മടക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും സമ്മാനിച്ചു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന തമീമും(70) മുഷ്ഫിക്കർ(61) എന്നിവർ ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചു. 123 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. സ്കോർ 159ൽ എത്തി നിൽക്കെ തമീമിനെ മടക്കി കേദാർ ജാദവാണ് ബംഗ്ലാദേശിന്റെ അടിത്തറയിളക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 264 റൺസെടുക്കാനെ സാധിച്ചുള്ളു.

സ്കോർ : ബംഗ്ലദേശ് – നിശ്ചിത 50 ഓവറിൽ ഏഴിന് 264. ഇന്ത്യ – 40.1 ഓവറിൽ രണ്ടിന് 265.


LATEST NEWS