ഘാനയോടു തോൽവി വഴങ്ങി ഇന്ത്യ പ്രീക്വാർട്ടർ കാണാതെ പുറത്തായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഘാനയോടു തോൽവി വഴങ്ങി ഇന്ത്യ പ്രീക്വാർട്ടർ കാണാതെ പുറത്തായി

ന്യൂഡൽഹി: ആദ്യ ലോകകപ്പിലെ മൂന്നാം മൽസരത്തിൽ ഘാനയോടു തോൽവി വഴങ്ങി ഇന്ത്യ പ്രീക്വാർട്ടർ കാണാതെ പുറത്തായി. എറിക് അയ്ഹ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് ഘാനയ്ക്ക് വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലിറങ്ങിയ റിച്ചാർഡ് ഡാന്‍സോ (86), ഇമ്മാനുവൽ ടോകു (87) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി.

ആദ്യ മൽസരത്തിൽ യുഎസിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ ഇന്ത്യ, രണ്ടാം മൽസരത്തിൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽവി വഴങ്ങിയിരുന്നു. മൂന്നാം മൽസരത്തിൽ ഘാനയോട് 4–0നും തോറ്റതോടെ ടൂർണമെന്റിലാകെ ഇന്ത്യ വഴങ്ങിയ ഗോളുകളുടെ എണ്ണം ഒൻപതായി. ലോകകപ്പ് ചരിത്രത്തിലിടം പിടിച്ച കൊളംബിയയ്ക്കെതിരായ ഗോളിന്റെ മധുരിക്കുന്ന ഓർമകളുമായാണ് ഇന്ത്യയുടെ മടക്കം.

എ ഗ്രൂപ്പ് ചാംപ്യൻമാരായാണ് ഘാനയുടെ മുന്നേറ്റം. ഘാന, കൊളംബിയ, യുഎസ്എ ടീമുകൾക്ക് ആറു പോയിന്റു വീതമാണെങ്കിലും ഗോൾ ശരാശരിയിലെ മികവാണ് ഘാനയെ ഒന്നാമതെത്തിച്ചത്. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ‌ കടന്നു. ആറു പോയിന്റുള്ള യുഎസ്എയും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കൊപ്പം പ്രീക്വാർട്ടറിൽ കടക്കാനാണ് സാധ്യത.


LATEST NEWS