ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം; പരമ്പര നേടി ചരിത്രം കുറിക്കാൻ കാത്തിരിക്കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം; പരമ്പര നേടി ചരിത്രം കുറിക്കാൻ കാത്തിരിക്കണം

ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ആ ആഗ്രഹം സഫലമാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. തുടര്‍ച്ചയായ നാലാം ഏകദിനവും ജയിക്കാമെന്ന മോഹം പൊലിഞ്ഞു. മഴ വില്ലനായെത്തിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് വിജയം. മഴ നിയമപ്രകാരം പുനര്‍നിര്‍ണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയിരുന്നു.

പുറത്താകാതെ 27 പന്തുകളില്‍ നിന്നു 43 റണ്‍സെടുത്ത ഹെന്റിക് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഏഡന്‍ മര്‍ക്!റാം ( 23 പന്തില്‍ 22), ഹാഷിം ആംല (40 പന്തില്‍ 33), ജെ.പി. ഡുമിനി (14 പന്തില്‍ 10), എ.ബി. ഡിവില്ലിയേഴ്‌സ് (18 പന്തില്‍ 26), ഡേവിഡ് മില്ലര്‍ (28 പന്തില്‍ 39) എന്നിങ്ങനെയാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സ്‌കോറുകള്‍. 23 റണ്‍സ് നേടി പെഹ്‌ലുക്വായോവും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും ജസ്പ്രീത് ബുംമ്ര, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പരയെന്ന നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കിനി രണ്ട് മത്സരം കൂടിയുണ്ട്. ആറ്  മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ഇന്ത്യ 3 - 1 ന് ലീഡ് ചെയ്യുകയാണ്. ഇനി 13ന് പോര്‍ട്ട് എലിസബത്തിലോ 16ന് സെഞ്ചൂറിയനിലോ ജയിച്ചാലും പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. ഇതിനു മുന്‍പ് 2010-11ല്‍ 2-1ന് ലീഡെടുത്ത ശേഷം അഞ്ചു മല്‍സരങ്ങളുള്ള പരമ്പര 3-2ന് വിട്ടുകളഞ്ഞതാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ മികച്ച പ്രകടനം.


LATEST NEWS