ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി താരങ്ങള്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി താരങ്ങള്‍ക്ക് പരിക്ക്

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി താരങ്ങള്‍ക്ക് പരിക്ക്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അമന്‍ ഛേത്രിയും ഡിഫന്‍ഡര്‍ നരേന്ദര്‍ സിങ്ങുമാണ് പരുക്കുമൂലം ഏറ്റവും ഒടുവില്‍ ടീം വിട്ടത്.

റഷ്യയിലെ സന്നാഹമത്സരത്തിനിടെയാണ് ഛേത്രിക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഛേത്രി പറയുന്നുണ്ടെങ്കിലും പരീക്ഷണത്തിന് ഒരുക്കമല്ലെന്ന നിലപാടിലാണ് ടീം സി ഇ ഒ അഭിഷേക് യാദവ്. പൂര്‍ണ ആരോഗ്യമുള്ളവര്‍ മാത്രമേ ടീമിലുണ്ടാവൂ എന്നും അഭിഷേക് വ്യക്തമാക്കി. 35 താരങ്ങളാണ് ബംഗളൂരുവില്‍ പുരോഗമിക്കുന്ന പരിശീലന ക്യാമ്പിലുള്ളത്. റിഷിദത്ത്, അജിന്‍ ടോം, കെ പി രാഹുല്‍ എന്നിവരാണ് ക്യാമ്പിലുള്ള മലയാളികള്‍.

നിക്കോളയ് ആദത്തിന് കീഴിലായിരുന്നു ടീം പരിശീലനം തുടങ്ങിയത്. കുട്ടികളോട് മോശമായി പെരുമാറുന്നുവെന്ന പരാതി ശക്തമായതോടെ ആദത്തെ പുറത്താക്കി.പോര്‍ചുഗീസുകാരന്‍ ലൂയി നോര്‍ട്ടന്‍ ഡി മാറ്റോസിനെ പരിശീലകനായി നിയമിച്ചു. ഇരുപരിശീലകര്‍ക്കും കീഴില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ പര്യടനംനടത്തി. പത്ത് കോടി രൂപയാണ് ടീമിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെലവഴിച്ചത്. ഗ്രൂപ്പ് എയില്‍ അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ പോരാട്ടം. ഡല്‍ഹിയിലാണ് മത്സരങ്ങള്‍.

അതിനിടെ ഖത്തര്‍ ക്ലബായ അല്‍ സാദിഖിനെ സൗഹൃദ മത്സരം കളിച്ച ഇന്ത്യയ്ക്ക് അവസാന നിമിഷം അര്‍ഹിച്ച വിജയം നഷ്ടമായി. ഇരുടീമും രണ്ട് ഗോള്‍ വീതം അടിച്ച് സമനില വഴങ്ങുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പെനാള്‍ട്ടി നഷ്ടപ്പെട്ടത് ഇന്ത്യന്‍ വിജയത്തിന് തിരിച്ചടിയായി. എന്നാല്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ഖത്തര്‍ ക്ലബ് സമനില പിടിച്ചത്. ഇന്ത്യന്‍ താരം ഹര്‍പ്രീത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്നതിനും ഗ്യാലറി സാക്ഷ്യം വഹിച്ചു.


LATEST NEWS