ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺ‌ഡേ; രണ്ട് മത്സരങ്ങളിലും തീപാറും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺ‌ഡേ; രണ്ട് മത്സരങ്ങളിലും തീപാറും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് ചെന്നൈ ഹൈദരാബാദിനെയും, രാത്രി എട്ടിന് മുംബൈ രാജസ്ഥാനെയും നേരിടും. കഴിഞ്ഞ അഞ്ച് കളിയില്‍ മൂന്നിലും തോറ്റ സൂപ്പര്‍ കിംഗ്സിന്‍റെ ബൗളിംഗ് നിരയില്‍ അഴിച്ചുപണി പ്രതീക്ഷിക്കാം. അതേസമയം, ഹൈദരാബാദിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സാഹ ഇന്ന് കളിക്കില്ല.

പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീമായ സണ്‍റൈസേഴ്സുമായുള്ള മത്സരം ജയിച്ച് പ്ളേ ഓഫ് ലിസ്റ്റിൽ ഇടം പിടിക്കാനുള്ള ലക്ഷ്യവുമായാണ് ചെന്നൈ ഇന്നിറങ്ങുക. മികച്ച ഫോമിലാണ് ബാറ്റിംഗ് നിര കളിക്കുന്നത്. മികച്ച സ്‌കോറുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും ചെന്നൈയുടെ പ്രശ്നം ബൗളിംഗ് നിരയാണ്. ധോണിയുടെ ശകാരം കേട്ട ബൗളിംഗ് നിരയില്‍ ഇന്ന് കാര്യമായി അഴിച്ചുപണി പ്രതീക്ഷിക്കാം.

സീസണിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടങ്ങളിലൊന്നിലാണ് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നത്. തുടക്കത്തിലെ അലസത കൈവിട്ട മുംബൈ കഴിഞ്ഞ അഞ്ച് കളിയില്‍ നാലും ജയിച്ച് ചാംപ്യന്മാരെ പോലെ കളിക്കുകയാണ്. രോഹിത് ശര്‍മ്മ കൂടി ഫോമിലെത്തിയാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും. 

അതേസമയം ജോസ് ബട്‍‍ലറെ തടയാന്‍ ആരെ നിയോഗിക്കുമെന്നതാണ് മുംബൈ ക്യാംപിനെ അലട്ടുന്നത്. ഇന്നും 50 കടന്നാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ച്വറി എന്ന സെവാഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബട്‍‍ലറിന് കഴിയും. 


LATEST NEWS