ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വഡോദര: ഇന്ത്യന്‍  ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2012 ഒക്‌ടോബറിലാണ് മുപ്പത്തിയഞ്ചുകാരനായ താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് പത്താന്‍ അറിയിച്ചു.

'ഞാൻ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഗംഗുലി, ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ്. ഇനി വിരമിക്കാനുള്ള സമയം,' ഇർഫാൻ പത്താൻ പറഞ്ഞു. 'എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയതിന് എന്റെ കുടുംബത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ ആരാധകരോടും ഒരുപാട് നന്ദിയുണ്ട്. അവര്‍ എന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണെന്ന് അറിയാം. അവരുടെ പിന്തുണയാണ് എന്നെ മുന്നോട്ട് നയിച്ചത്.' - ഇര്‍ഫാന്‍ പറഞ്ഞു.

2003 ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇർഫാൻ പത്താൻ 16 വർഷം മൈതാനത്ത് നിറഞ്ഞു കളിച്ച താരമാണ്. 2012 ന് ശേഷം അന്താരാഷ്ട്ര മത്സരത്തിൽ കളിക്കാനായില്ലെങ്കിലും, 2019 ഫെബ്രുവരി വരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു ഇർഫാൻ.

ഒമ്ബതു വര്‍ഷം നീണ്ട ഓള്‍റൗണ്ടര്‍ കരിയറില്‍ ഇന്ത്യയ്ക്കായി പഠാന്‍ 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി20 യും കളിച്ചു. ഏകദിനത്തില്‍ 23.39 ബാറ്റിങ്ങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 1105 റണ്‍സും നേടിയിട്ടുണ്ട്. പഠാന്റെ അക്കൗണ്ടില്‍ 301 വിക്കറ്റുകളുമുണ്ട്.


LATEST NEWS