ഐ.എസ്.എല്‍ കന്നി ജയം ഗോവയ്ക്ക് ; ചെന്നൈയിനെ തകര്‍ത്തത് 3-2ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.എസ്.എല്‍ കന്നി ജയം ഗോവയ്ക്ക് ; ചെന്നൈയിനെ തകര്‍ത്തത് 3-2ന്

ചെന്നൈ: ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി എഫ്.സി ഗോവ. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്. ഐ.എസ്.എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം മത്സരം ഗോളിനാല്‍ സമ്പന്നമാകുകയായിരുന്നു.

മത്സരത്തില്‍ പിറന്ന അഞ്ചു ഗോളുകളില്‍ മൂന്നെണ്ണവും നേടിയത് സ്പാനിഷ് താരങ്ങളാണ്. കളിയുടെ ആദ്യപകുതിയില്‍ ഗോവയുടെ ആധിപത്യമായിരുന്നു. മൂന്നു ഗോളുകള്‍ക്കു ടീമിനെ മുന്നിലെത്തിച്ച് ഹോം ഗ്രൗണ്ടില്‍ ചെന്നൈയെ സമ്മര്‍ദത്തിലാക്കാന്‍ ഗോവയ്ക്കു സാധിച്ചു. 25–ാം മിനിറ്റില്‍ ഗോവയുടെ ഫെരാന്‍ ടെലിച്ചീയാണ് ഈ സീസണിലെ ആദ്യഗോള്‍ നേടിയത്. 29–ാം മിനിറ്റില്‍ മാനുവല്‍ ബ്രൂണോ രണ്ടാം ഗോള്‍ നേടി. 38ാം മിനിട്ടില്‍ ഇന്ത്യന്‍ താരം മന്ദര്‍ റാവു ദേശായി ലക്ഷ്യം തെറ്റാതെ വല ചലിപ്പിച്ചു. ഈ സീസണില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു ദേശായി.

ആദ്യ പകുതിയിലേറ്റ ഈ ആഘാതത്തിന് രണ്ടാം പകുതിയിലാണ് ചെന്നൈയിന്‍ മറുപടി നല്‍കിയത്.  ആദ്യം 70ാം മിനിറ്റില്‍ സ്പാനിഷ് താരം ഇനിഗോ കാല്‍ഡെറോണിലൂടെ ചെന്നൈയ്ന്‍ ഒരു ഗോള്‍ മടക്കി. കാല്‍ഡെറോണിന്റെ ഫ്രീകിക്ക് ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ പിഴവിനെത്തുടര്‍ന്ന് വലയിലാകുകയായിരുന്നു. 

84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ചെന്നൈയ്ന്‍ വീണ്ടും തിരിച്ചടിച്ചു. ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ ലക്ഷ്യം പിഴക്കാതെ ഗോവയുടെ വല ചലിപ്പിച്ചു. അവസാന മിനിറ്റുകള്‍ ചെന്നൈയിന്‍ സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ വിജയത്തോടെ ഗോവ മൂന്നു പോയിന്റ് സ്വന്തമാക്കി.
 


LATEST NEWS