ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തിനുള്ള ബാഴ്സലോണ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തിനുള്ള ബാഴ്സലോണ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി എത്തി

മാഡ്രിഡ്: ഇന്റര്‍ മിലാനെതിരെ ഇന്നു നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തിനുള്ള ബാഴ്‌സലോണ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും.  ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിക്കാതെയാണ് മെസിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മെസിയെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. സ്പാനിഷ് ലീഗില്‍ സെവിയയ്ക്കെതിരേ ഒക്ടോബര്‍ 20 നു നടന്ന മത്സരത്തിനിടെ മെസിയുടെ വലതു കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. 

മെസിക്ക് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു നാലു മത്സരങ്ങളില്‍ കളിക്കാനായില്ല. ഇന്നലെ മിലാനിലേക്കു പുറപ്പെടും മുമ്പ് മെസി സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ബി ഗ്രൂപ്പിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചിരുന്നു. ബാഴ്സലോണ ജയത്തോടെ ബാഴ്സലോണ ഒന്‍പത് പോയിന്റുമായി ഒന്നാംസ്ഥാനത്തായി. ആറു പോയിന്റുമായി ഇന്റര്‍ മിലാന്‍ രണ്ടാമതുണ്ട്.

മെസിക്കു പകരക്കാരനായി ഇറങ്ങിയ റാഫീഞ്ഞോയും ജോര്‍ഡി ആല്‍ബയുമായിരുന്നു ഗോളടിച്ചത്. റാഫീഞ്ഞോയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഗോളായിരുന്നു അത്. ഇന്നു ജയിച്ചാല്‍ ഏണസ്റ്റോ വാല്‍വര്‍ദെയുടെ ശിഷ്യന്‍മാര്‍ക്കു നോക്കൗട്ട് യോഗ്യത ഉറപ്പാക്കാം. മെസിയുടെ അഭാവത്തിലും എല്‍ ക്ലാസിക്കോയില്‍ റയാല്‍ മാഡ്രിഡിനെ തരിപ്പണമാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബാഴ്സയ്ക്കുണ്ട്.

മികച്ച ഫോമില്‍ കളിക്കുന്ന മെസി  സീസണില്‍ ഇതുവരെ 12 ഗോളടിച്ചു. ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണു ബാഴ്സയും ഇന്ററും തമ്മിലുള്ള മത്സരം. 10.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ ക്രാവന വേദ്സ ലിവര്‍പൂളിനെയും മൊണാക്കോ ക്ലബ് ബ്രൂഗിനെയും നേരിടും. രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെയും നാപ്പോളി പാരീസ് സെയിന്റ് ജെര്‍മെയ്നെയും നേരിടും. പോര്‍ട്ടോ-ലോകോമോട്ടീവ് മോസ്‌കാവ, ഷാല്‍കെ 04-ഗളേസത്റെ, ടോട്ടന്‍ഹാം ഹോട്ട്സ്പര്‍- പി.എസ്.വി. ഐന്തോവന്‍ മത്സരങ്ങളും ഇന്നു നടക്കും. നാളെ നടക്കുന്ന പ്രധാന മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് എ.ഇ.കെ. ഏഥന്‍സിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവന്റസിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാക്തര്‍ ഡോണറ്റ്സ്‌കിനെയും നേരിടും. മത്സരങ്ങള്‍ സോണി സിക്സ്, ടെന്‍ സ്പോര്‍ട്സ് ചാനലുകളില്‍ തത്സമയം കാണാം.


LATEST NEWS