മെസിക്ക് കനത്ത തിരിച്ചടി; മൂന്ന് മാസം വിലക്കും വൻതുക പിഴയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെസിക്ക് കനത്ത തിരിച്ചടി; മൂന്ന് മാസം വിലക്കും വൻതുക പിഴയും

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക സംഘാടര്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലയണൽ  മെസിക്കെതിരെ കടുത്ത നടപടി. മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റേതാണ് നടപടി. ഏഴ് ദിവസത്തിനകം മെസിക്ക് അപ്പീല്‍ നല്‍കാം.

ഇതോടെ, മെസ്സിക്ക് ഇനി അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കാൻ നവംബര്‍ മൂന്ന് വരെ കാത്തിരിക്കണം. സെപ്റ്റംബര്‍ അഞ്ചിന് ചിലെക്കും അഞ്ച് ദിവസത്തിന് ശേഷം മെക്‌സിക്കോയ്‌ക്കും ഒക്‌ടോബര്‍ ഒന്‍പതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയില്‍ ചിലെക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് കളിക്കാനാവില്ല. 

ചിലെക്കെതിരായ മല്‍സരശേഷം റഫറിക്കെതിരെ മെസി ഗുരുതര വിമർശനമാണ് ഉന്നയിച്ചത്. കോപ്പയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെ മെസി മടങ്ങി. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. 

എന്നാൽ, വസ്‌തുതാ വിരുദ്ധമായ ആരോപണമാണ് മെസ്സി നടത്തിയെതെന്നാണ് ഫെഡറേഷന്റെ പക്ഷം. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു. തുടർച്ചയായി രാജ്യത്തിന് വേണ്ടി കപ്പുകൾ നേടാനാകാത്തതിന്റെ നിരാശയാണ് മെസ്സിക്കെന്ന് വിമർശകർ ആരോപണമുയർത്തുന്നുണ്ട്. അതേസമയം, വലിയൊരു പക്ഷം ആരാധകരും മെസ്സിക്കൊപ്പമാണ്.


LATEST NEWS