ദേശീയ ജൂനിയർ അത്ലറ്റിക്; കിരീടം ഉറപ്പിച്ച് ഹരിയാണ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേശീയ ജൂനിയർ അത്ലറ്റിക്; കിരീടം ഉറപ്പിച്ച് ഹരിയാണ

ഗുണ്ടൂർ (ആന്ധ്രപ്രദേശ്): ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹരിയാണ കിരീടം ഉറപ്പിച്ചു. ഒരു ദിവസംകൂടി ബാക്കിനിൽക്കേ, ഹരിയാണയ്ക്ക് 327.5 പോയന്റായി. 14 സ്വർണവും ആറ് വെള്ളിയും 14 വെങ്കലവും നേടിയ കേരളം (243.5പോയന്റ്) മൂന്നാം സ്ഥാനത്താണ്. തമിഴ്നാട് (244.4 പോയന്റ്) രണ്ടാംസ്ഥാനത്തുണ്ട്.  
 ചൊവ്വാഴ്ച ലിസ്ബത്ത് കരോളിൻ ജോസഫും പ്രിസ്കില്ല ഡാനിയലും കേരളത്തിനായി സ്വർണം നേടി. അണ്ടർ-16 പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ ഉത്തരാഖണ്ഡിന്റെ രേഷ്മ പട്ടേൽ (14:14.83) ദേശീയ റെക്കോഡിട്ടു. 

29 വർഷം മുമ്പ് എ. കുമാരി കുറിച്ച റെക്കോഡാണ് (14:28.10) ഭേദിച്ചത്. അണ്ടർ 20 പെൺകുട്ടികളുടെ 800 ഓട്ടത്തിൽ ഹരിയാണയുടെ രച്ന (2:06.12) മീറ്റ് റെക്കോഡ് നേടി. 11 വർഷംമുമ്പ് ടിന്റു ലൂക്ക (2:07.48) സ്ഥാപിച്ച റെക്കോഡ് തിരുത്തി.  പാലാ അൽഫോൻസ കോളേജ് രണ്ടാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയായ ലിസ്ബത്ത് കരോളിൻ ജോസഫ് പരീക്ഷ ഉപേക്ഷിച്ചാണ് മീറ്റിനെത്തിയത്. അണ്ടർ-20 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കരിയറിലെ മികച്ച പ്രകടനത്തോടെ (12.99 മീറ്റർ) സ്വർണം നേടി. വെള്ളി നേടിയ തമിഴ്നാടിന്റെ ആർ. ഐശ്വര്യ (12.72) കടുത്ത വെല്ലുവിളി ഉയർത്തി. കോഴിക്കോട് പുല്ലൂരാംപാറ കൊല്ലിത്താനം സജി എബ്രഹാമിന്റെയും ലെൻസിയുടെയും മകളാണ്. കേരളത്തിന്റെ തന്നെ ഗായത്രി ശിവകുമാർ (12.37) വെങ്കലം നേടി.