രഞ്ജി ട്രോഫി: ഹിമാചലിനെതിരെ വിജയം പിടിച്ചെടുത്ത് കേരളം ക്വാർട്ടറിൽ !

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രഞ്ജി ട്രോഫി: ഹിമാചലിനെതിരെ വിജയം പിടിച്ചെടുത്ത് കേരളം ക്വാർട്ടറിൽ !

ഷിംല: രഞ്ജിട്രോഫി ക്രിക്കറ്റിലെ ആവേശകരമായ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി കേരളം ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. 
എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ഹിമാചലിനെ അവരുടെ തട്ടകത്തിൽ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും കേരളം ക്വാർട്ടർ പ്രവേശനം നേടിയത്. 

297 റൺസിന്റെ വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്സിൽ ഇറങ്ങിയ കേരളം അവസാന ദിനം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 299 റൺസെടുത്തു ലക്ഷ്യത്തിലെത്തുകയായിരുന്നു. 
96 റൺസെടുത്ത വിനൂപിന്റെയും 92 റൺസെടുത്ത സച്ചിൻ ബേബിയുടെയും മികവിലാണ് കേരളം ഈ നേട്ടം കൈവരിച്ചത്. അർദ്ധ സെഞ്ചുറി നേടിയ സഞ്ജു സാംസൺ (61) പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്സിൽ ലീഡ് നേടാമായിരുന്ന കേരളം തുടരെ വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്‌സ് സ്കോറായ 297 ന് എതിരെ ഒരുഘട്ടത്തിൽ ആറു വിക്കറ്റിന് 268 റൺസെന്ന നിലയിൽ നിന്നും കേരളം 286 റൺസിന്‌ ഓൾഔട്ട് ആവുകയായിരുന്നു. 11 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഹിമാചല്‍ പ്രദേശ് എട്ടു വിക്കറ്റിന് 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം 297 എന്ന വിജയലക്ഷ്യം വേഗത്തിൽ മറികടക്കുകയായിരുന്നു.