ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി

മുംബൈ :  ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 'ശാസ്ത്രീ'യ പരിശീലനം. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടർ രവി ശാസ്ത്രിയെ നിയമിച്ചു. അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തത്. 2014–2016 കാലഘട്ടത്തിൽ ടീം ഇന്ത്യുടെ മാനേജറായിരുന്ന രവിശാസ്ത്രിയുടെ പുതിയ നിയമനം 2019ലെ ലോകകപ്പ് വരെയാണ്.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാൽ, കോഹ്‍ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു.

പരിശീലകനായിരുന്ന അനില്‍ കുംബ്ലെ കഴിഞ്ഞമാസം സ്ഥാനത്തുനിന്ന് രാജിവെച്ചതോടെയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ജൂണ്‍ 26-ന് കുംബ്ലെയുടെ കാലാവധി തീരാനിരിക്കുകയായിരുന്നു. കുബ്ലെയുടെ രാജിക്കുമുമ്പുതന്നെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും രാജിക്കുശേഷം അപേക്ഷ നല്‍കാനുള്ള സമയം നീട്ടിനല്‍കി. അതോടെയാണ് രവിശാസ്ത്രി വീണ്ടും രംഗത്തെത്തിയത്. 2014-ല്‍ ഇന്ത്യന്‍ ടീം ഡയറക്ടറായി നിയമിതനായ ശാസ്ത്രി രണ്ടുവര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു.പത്ത് പേര്‍ നല്‍കിയ അപേക്ഷയില്‍ നിന്നാണ് രവി ശാസ്ത്രിക്ക് നറുക്ക് വീണത്.

ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടറാണ് അമ്പത്തിയഞ്ചുകാരനായ രവി ശാസ്ത്രി. 1981 മുതൽ 92 വരെ കളിക്കളത്തിലുണ്ടായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ബോളറായി തുടങ്ങിയ ശാസ്ത്രി പിന്നീട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റിൽ 3830 റൺസും 151 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലാകട്ടെ 3108 റൺസും 129 വിക്കറ്റുമാണ് സമ്പാദ്യം.