തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്

മുംബൈ: സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്. ഇന്ത്യന്‍ ടീമിലെ സ്ഥാനം തനിക്കാരും തളികയില്‍ വെച്ചു തന്നതല്ലെന്നും മികച്ച പ്രകടനം നടത്തി അത് നേടിയെടുക്കുകയായിരുന്നുവെന്നും ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഋഷഭ് പന്ത് പറഞ്ഞു. എനിക്കൊന്നും വെറുതെ കിട്ടിയതല്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനവും കഷ്ടപ്പെട്ട് നേടിയെടുത്തതു തന്നെയാണ്. അല്ലാതെ ആരും സമ്മാനിച്ചതല്ല-പന്ത് പറഞ്ഞു.

ധോണിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും ഋഷഭ് പന്ത് പ്രതികരിച്ചു. ധോണിയുമായി പലരും എന്നെ താരതമ്യം ചെയ്യാറുണ്ട്. ധോണിയില്‍ നിന്ന് ഇപ്പോഴും പലതും പഠിക്കാന്‍ ശ്രമിക്കുന്ന കളിക്കാരനാണ് ഞാന്‍. അപ്പോള്‍ ഒരു രാത്രികൊണ്ട് എനിക്ക് ധോണിയെപ്പോലെ ആവാനാവില്ല. എന്റെ ഗുരുനാഥന്റെ ആ സ്ഥാനത്താണ് ഞാന്‍ ധോണിയെ കാണുന്നത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.  21-ാം വയസില്‍ ധോണിയുടെ പകരക്കാരനാവുക എന്നത് എളുപ്പമല്ല. കാര്യങ്ങള്‍ ലളിതമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനും മറ്റുള്ളവരില്‍ നിന്ന് പാഠം പഠിക്കാനുമാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. പ്രത്യേകിച്ച് സീനിയര്‍ താരങ്ങളില്‍ നിന്ന്.

ലോകകപ്പ് ടീമില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവസാന 15ല്‍ ഇടം നേടാനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി കഠിനമായി പ്രയത്നിച്ചിരുന്നു. ലോകകപ്പില്‍ കളിക്കാനായത് സ്വപ്ന സാക്ഷാത്കാരമാണ്. ലോകകപ്പ് ടീമില്‍ കളിക്കാനാകുമെന്ന് എനിക്കൊരു ഉള്‍വിളി ഉണ്ടായിരുന്നു-പന്ത് പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടിം പെയ്നുമൊത്തുള്ള വാഗ്വാദം ശരിക്കും ആസ്വദിച്ചിരുന്നുവെന്നും പന്ത് പറഞ്ഞു.


LATEST NEWS