വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
തിരുവനന്തപുരം ; മോശം പെരുമാറ്റത്തിന് രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സഞ്ജു വി സാംസണ് കേരളം ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്.മുംബൈയില്‍ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് വഴിവച്ചത്.മത്സരത്തിന്റെ രണ്ടാമിന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോവുകയും ചെയ്തുവെന്നാണ് ആരോപണം.
രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് അങ്ങനെ പിന്മാറാനാവില്ലെന്നും കെ.സി.എ അറിയിച്ചു.
അച്ഛന് സാംസണ് വിശ്വനാഥന് കെ.സി.എ. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് എഴുതിക്കൊടുത്തതായും സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെ.സി.എ. പറഞ്ഞു.ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.സാംസണ് ഇനി മുതല്‍ പരിശീലകര്‍, കെ.സി.എ. ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കളിസ്ഥലം, പരിശീലവേദികള് എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കെ.സി.എ. പറഞ്ഞു.
വിഷയത്തെക്കുറിച്ച അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, മാച്ച് റഫറി രംഗനാഥന്, കെ.സി.എ. വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്. ബാലകൃഷ്ണന്, അഡ്വ.ശ്രീജിത്ത് എന്നിവര്‍ അംഗങ്ങളായ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്കി. സഞ്ജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മിറ്റി, എന്നാല്‍, കടുത്ത നടപടികള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏഴു മത്സരങ്ങളില്‍ നിന്ന് 334 റണ്‍സാണ് സഞ്ജു സ്കോര്‍ ചെയ്തത്. ഇതില്‍ ജമ്മു കാശ്മീരിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ 154 റണ്‍സ് നേടി എന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. രണ്ടിന്നിങ്സുകളില്‍ സഞ്ജു പൂജ്യത്തിന് പുറത്താകുകയും ചെയ്തു