വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
മുംബൈ : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി നിര്‍ത്തിയിരുന്നു. ടീമില്‍ നിന്ന് താന്‍ ആവശ്യപ്പെട്ടിട്ടാണ് തന്നെ ഒഴിവാക്കിയതെന്നണ് കാരണമെന്ന് പറഞ്ഞ് പാണ്ഡ്യ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് വിശ്രമം ആവശ്യപ്പെട്ടതെന്നും ഹര്‍ദിക് പറഞ്ഞു. ആവശ്യത്തിന് വിശ്രമം കിട്ടുന്നതിലൂടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.
എപ്പോഴും ടീമിനായി 100 ശതമാനം മികവ് പുറത്തെടുക്കുകയാണ് ലക്ഷ്യം. ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ആവശ്യമായ പരിശീലനം തുടരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റുകളിലും കളിച്ചു. എന്നിട്ടും ഞാന്‍ അധികമൊന്നും കളിച്ചിട്ടില്ലല്ലോ എന്ന് വിമര്‍ശിക്കുന്നവരോട് എനിക്ക് കൂടുതലൊന്നും പറയാനില്ല.മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ അവസരം കിട്ടിയതാണ് ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവ് ആയതെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.