ഇന്ത്യയില്‍ കളിക്കാനെത്തിയ ലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയില്‍ കളിക്കാനെത്തിയ ലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി 

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയതായി റിപ്പോര്‍ട്ട്. മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് നഗരത്തിലെ മാളിലും മദ്യശാലയിലും ലങ്കന്‍ താരങ്ങള്‍ കലഹമുണ്ടാക്കി. ബാര്‍ ജീവനക്കാരെ ചീത്തവിളിച്ച് അലമ്പുണ്ടാക്കിയ കളിക്കാര്‍ പിന്നീടു ലിഫ്റ്റില്‍വച്ച് ഒരു കുടുംബത്തിനെതിരെ ആക്രോശിച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

നാലുപേരാണു മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. ഇവരുടെ പേരുകള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. തെക്കന്‍ കൊല്‍ക്കത്തയിലെ മാളില്‍ ലങ്കാ ടീം അംഗങ്ങള്‍ കൂട്ടത്തോടെയാണു ഷോപ്പിങ്ങിന് എത്തിയത്. ചിലര്‍ മാളിന്റെ ഭാഗമായ മദ്യശാലയില്‍ കയറി. ഇതില്‍ നാലുപേരാണു ലക്കുകെട്ടു പ്രശ്നങ്ങളുണ്ടാക്കിയത്. ലിഫ്റ്റില്‍ വച്ചു മോശം അനുഭവത്തിന് ഇരയായ കുടുംബം പുറത്തിറങ്ങിയ ഉടന്‍ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ നാലുപേരെയും തടഞ്ഞുവച്ചു. വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പൊലീസ് എത്തുംമുന്‍പേ ടീം മാനേജര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) ഭാരവാഹികളുമായി ഫോണില്‍ ബന്ധപ്പെട്ടു. കേസ് എടുക്കരുതെന്നു പൊലീസിനോടും പരാതിയില്‍ ഉറച്ചുനില്‍ക്കരുതെന്നു മോശം അനുഭവത്തിനിരയായവരോടും അഭ്യര്‍ഥിച്ചു പ്രശ്നം ഒതുക്കുകയായിരുന്നു സിഎബി ഭാരവാഹികള്‍. കളിക്കാര്‍ തമ്മില്‍ ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു സിഎബി ഭാരവാഹികള്‍ പറയുന്നത്. രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു. ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായുള്ള ദ്വിദിന മല്‍സരത്തിന്റെ തലേരാത്രിയിലാണു ബാറില്‍ അലമ്പുണ്ടായത്. സംഭവവത്തില്‍ ലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ നടപടി എടുത്തേക്കും.