ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ല; സി.കെ.ഖന്ന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ല; സി.കെ.ഖന്ന

ന്യൂഡല്‍ഹി: ഐസിസിയുടെ നിലവിലെ ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന.

മാതൃരാജ്യത്തെ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല. ഐസിസി നിയമത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും എ.കെ.ഖന്ന വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു..

ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു. വിധിക്കെതിരെ ശ്രീശാന്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് സൂചന നല്‍കി.