ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന് അസറുദീന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന് അസറുദീന്‍

ദുബൈ : മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസറുദീന്‍. രാജ്യം കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്തെന്ന് പറഞ്ഞ അസറുദീന്‍ അദ്ദേഹത്തിന് മുന്നില്‍ ടീമിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം കൈവിടാതിരുന്നാല്‍ തിരിച്ചുവരവ് സാധ്യമാകുമെന്നും അസറുദീന്‍ പറഞ്ഞു.

2013 ഐപിഎല്ലിലാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ശ്രീശാന്തിനെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെയും 2015 ല്‍ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2000ല്‍ അസറുദീനെ ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കിയിരുന്നു. 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി അസറുദീനെ കേസില്‍ കുറ്റവിമുക്തനാക്കി. ബിസിസിഐയുടെ വിലക്ക് തുടരുന്നതിനാല്‍ ശ്രീശാന്തിന്റെ മടങ്ങിവരവില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുന്‍ നായകന്‍ പിന്തുണയുമായെത്തിയത്.


LATEST NEWS