പെണ്‍ പുലികളുടെ ലോകകപ്പ് കണ്ടത് 18 കോടിയോളം കാണികള്‍; അമ്പരന്ന് ഐസിസി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെണ്‍ പുലികളുടെ ലോകകപ്പ് കണ്ടത് 18 കോടിയോളം കാണികള്‍; അമ്പരന്ന് ഐസിസി

പെണ്‍ ക്രിക്കറ്റ് ടീമുകള്‍ ലോക ച്യാമ്പ്യന്മാരാകാന്‍ കളത്തിലിറങ്ങിയപ്പോള്‍ കാണികളുടെ  എണ്ണം ഐസിസിയെ പോലും അമ്പരപ്പെടുത്തി. 18 കോടിയോളം പേരാണ് കഴിഞ്ഞ വിമന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് കണ്ടത്. കളി കണ്ടവരില്‍ 15.6 കോടിയോളം പേര്‍ ഇന്ത്യക്കാരാണ്. ഫൈനല്‍ മാത്രം കണ്ടത് 12.6 കോടിയും.

ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ മാത്രം പെണ്‍ താരങ്ങളുടെ പ്രകടനം കാണാന്‍ 8 കോടി കാണികളുണ്ടായിരുന്നു. ഓരോ കളിയിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറിയതോടെ, 500 ശതമാനത്തോളമാണ് കാണികള്‍ വര്‍ധിച്ചതെന്ന് ഐസിസി തന്നെ വെളിപ്പെടുത്തുന്നു.

2013 ലോകകപ്പിനേക്കാളും ആരാധകര്‍ കളി കാണാനിരുന്ന മണിക്കൂര്‍ 300 ശതമാനം വര്‍ധിച്ചെന്നും ഐസിസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സൗത്ത് ആഫ്രിക്കയിലും ഇന്ത്യയിലുമാണ് വന്‍ വര്‍ധനവെന്നും കുറിപ്പില്‍ പറയുന്നു. എട്ട് മടങ്ങായാണ് സൗത്ത് ആഫ്രിക്കയിലെ വര്‍ധനവ്. ഇന്ത്യന്‍ ഗ്രാമമേഖലയിലും വലിയ തോതില്‍ കുതിച്ച് ചാട്ടമുണ്ട്. ഇംഗ്ലണ്ടിലെ കാണികള്‍ക്ക് ഫൈനല്‍ മത്സരത്തോടായിരുന്നു പ്രിയം. മത്സരം കണ്ട മണിക്കൂറുകളുടെ കാര്യത്തില്‍ 131 ശതമാനം വര്‍ധനവാണ് ഇവിടെയുണ്ടായത്. സൗത്ത് ആഫ്രിക്ക ആദ്യമായി സെമിയിലെത്തിയപ്പോള്‍ കളി കണ്ട മണിക്കൂര്‍ 861 ശതമാനം വര്‍ധിച്ചു.

വിമന്‍സ് ലോകകപ്പ് സൃഷ്ടിച്ച തരംഗത്തില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ഐസിസി ചീഫ് എക്‌സിക്ക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണിന്റെ പ്രതികരണം. വിമന്‍സ് ക്രിക്കറ്റില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള തങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് കാണികളുടെ എണ്ണത്തിലെ വര്‍ധനവെന്നും റിച്ചാര്‍ഡ്‌സണ്‍ പറയുന്നു.

ഐസിസി ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മത്സരം കണ്ടവരുടെ എണ്ണം 10 കോടിയോളം വരും. ഫെയ്‌സ്ബുക്കിലൂടെ മാത്രം 6.7 കോടി പേരും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ഏകദേശം 100 കോടി പേരും മത്സരങ്ങള്‍ കണ്ടു.

2007 വനിതാ കായികരംഗത്തേറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗും വിമന്‍സ് ലോകകപ്പിന്റേതാണ്. #WWC17Final എന്ന ഹാഷ്ടാഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലിന് മുമ്പായി പെണ്‍പട ക്യാപ്റ്റന്മാരുടെ സ്‌പെഷ്യല്‍ ഇമോജി, ട്വിറ്റര്‍ പുറത്തിറക്കിയതോടെ #WWC17Final ഉപയോഗിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

നാലാഴ്ച്ച നീണ്ട ലോകകപ്പ് മത്സരങ്ങള്‍ക്കിടെ 100 രാജ്യങ്ങളിലായി 50,000 വാര്‍ത്തകളാണ് പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിലും ഇന്ത്യ തന്നെയാണ് മുന്നില്‍. 16,000 വാര്‍ത്തകളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. 14,000 വാര്‍ത്തകളുമായി യുകെയും 9,000വുമായി ഓസ്‌ട്രേലിയയുമാണ് പിറകില്‍. അമേരിക്കയും സൗത്ത് ആഫ്രിക്കയും ഈ രാജ്യങ്ങള്‍ക്ക് പിന്നാലെ തന്നെയുണ്ട്.