ഇന്ത്യ വനിത ലോകകപ്പ് സെമിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ വനിത ലോകകപ്പ് സെമിയിലേക്ക്

ഡെര്‍ബി: ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായകമായ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയത്തോടെ ഇന്ത്യ വനിത ലോകകപ്പ് സെമി ഉറപ്പിച്ചു. 186 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ സെമി പ്രവേശനം. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മേല്‍കൈ നേടിയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ വിജയം. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് സംഘത്തെ 79 റണ്‍സിന് ഇന്ത്യന്‍ ബൗളിങ് നിര കൂടാരം കയറ്റി. സ്‌കോര്‍-(ഇന്ത്യ 50 ഓവറില്‍ 265/5, ന്യൂസിലാന്‍ഡ് 25.3 ഓവറില്‍ 79)

അഞ്ച് വിക്കറ്റ് നേടി കിവീസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ട രാജേശ്വരി ഗയ്‌ഗേവാദാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ശര്‍മ രണ്ടു വിക്കറ്റും ഗോസ്വാമി, പാണ്ടേ, പൂനം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മിഥാലി രാജിന്റെ സെഞ്ചുറിയുടെയും (123 പന്തില്‍ 109 റണ്‍സ്) വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും (45 പന്തില്‍ 70 റണ്‍സ്) ബലത്തിലാണ് മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. 90 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 123 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മിഥാലി രാജ് ഈ ലോകകപ്പിലെ തന്നെ ആദ്യ സെഞ്ചുറി നേടിയത്.