ജയം മാത്രം ലക്ഷ്യമിട്ട് ഈജിപ്ത്: സല കളിക്കളത്തില്‍ ഇറങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയം മാത്രം ലക്ഷ്യമിട്ട് ഈജിപ്ത്: സല കളിക്കളത്തില്‍ ഇറങ്ങും

സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്: ഫിഫ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ മത്സരത്തില്‍ ആദ്യ ജയം കരസ്ഥമാക്കിയ റഷ്യയ്ക്ക് എതിരെ ഈജിപ്ത് ചൊവ്വാഴ്ച രണ്ടാം മത്സരത്തിറങ്ങുന്നു.സ്‌ട്രൈക്കർ മുഹമ്മദ് സല പരിക്കുകള്‍ മൂലം ഈജിപ്തിന്‍റെ ആദ്യ മത്സരത്തില്‍ ഇറങ്ങിയില്ല. ആദ്യ കളിയിൽ ഈജിപ്ത് ഒരു ഗോളിന് യുറഗ്വായോടു തോറ്റിരുന്നു. സല കൂടി ആദ്യ പതിനൊന്നിലെത്തുന്നതോടെ പ്രതീക്ഷയോടെയാണ് അവർ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

യോഗ്യതാ റൗണ്ടിൽ അഞ്ചുഗോൾ നേടിയ സലയുടെ മികവിലാണ് ഈജിപ്ത് റഷ്യയിലേക്കു ടിക്കറ്റെടുത്തത്.സല നൂറു ശതമാനം ശാരീരികക്ഷമത നേടിക്കഴിഞ്ഞതായി ടീം ഡോക്ടർ അറിയിച്ചുകഴിഞ്ഞു. ടീമിന്റെ അവസാനവട്ട പരിശീലനത്തിൽ സല പൂർണസമയം പങ്കെടുത്തതായി ടീം മാനേജരും അറിയിച്ചു.

 

സെയ്ന്റ് പീറ്റേഴ്‌സ് ബർഗിൽ ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 11.30-നാണ് മത്സരം. ഈ മത്സരത്തോടെ ടീമുകളുടെ രണ്ടാം പോരാട്ടങ്ങൾക്ക് തുടക്കമാവുകയാണ്.ആദ്യ കളിയിൽ ഏഷ്യൻ ടീമായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചുഗോളിന് മലർത്തിയടിച്ച റഷ്യ ജയത്തോടെ അടുത്ത റൗണ്ട് ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്

.യുറഗ്വായ്‌ക്കെതിരായ അവസാനമത്സരത്തിനുമുമ്പ് കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാക്കാനാവും അവരുടെ ശ്രമം. കരുത്തുറ്റ മധ്യനിരയാണ് റഷ്യയുടെ തുറുപ്പുചീട്ട്. ആദ്യകളിയിൽ പകരക്കാരനായെത്തി ഇരട്ടഗോൾ നേടിയ ഡെനിസ് ചെറിഷേവ് ഉൾപ്പെടെയുള്ള താരങ്ങൾ ഫോമിലാണ്. യൂറി ഗസിൻസ്‌കി, ആന്റെം സ്യൂബ, അലക്‌സാണ്ടർ ഗോളോവിൻ എന്നിവരും ആദ്യ കളിയിൽ സ്കോർ ചെയ്തിരുന്നു. ജയം മാത്രമാണ് ലക്ഷ്യമെന്ന് ഈജിപ്ത് പരിശീലകൻ ഹെപ്റ്റർ കൂപ്പർ പറയുമ്പോൾ തീപാറും പോരാട്ടമാണ് ഫുട്‌ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

 

കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ജെയിംസ് റോഡ്രിഗസിലും മുന്നേറ്റനിര താരം റഡാമല്‍ ഫാല്‍ക്കാവോയിലും പ്രതീക്ഷയര്‍പ്പിച്ച് കൊളംബിയ റഷ്യന്‍ ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങുന്നു. ചൊവ്വാഴ്ച ജപ്പാനെതിരേ വൈകുന്നേരം 5.30-നാണ് മത്സരം. രണ്ടുമാസം മുമ്പുമാത്രം പരിശീലകസ്ഥാനത്തെത്തിയ അകിര നിഷിനോയുടെ ശിക്ഷണത്തിലാണ് ഇക്കുറി ജപ്പാന്‍ എത്തുന്നത്.

 

ഗ്രൂപ്പ് എച്ചില്‍ പോളണ്ടും സെനഗലും ചൊവ്വാഴ്ച കളത്തിലിറങ്ങും. രാത്രി 8.30-നാണ് കിക്കോഫ്. ഇതോടെ റഷ്യന്‍ ലോകകപ്പിലെ 32 ടീമുകളും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. യൂറോപ്യന്‍ ലീഗിലെ പ്രധാന താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയിലാണ് പോളണ്ട് പ്രതീക്ഷയര്‍പ്പിക്കുന്നത്. സാദിയോ മാനെയാണ് സെനഗലിന്റെ മുന്നണിപ്പോരാളി. റാങ്കിങ്ങില്‍ മുന്നിലുള്ള (10-28) പോളണ്ടിനെ 2002-ലെ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ ക്വാര്‍ട്ടര്‍വരെയെത്തിയ ചരിത്രമോര്‍മിപ്പിച്ചാണ് സെനഗല്‍ കളത്തിലിറങ്ങുന്നത്.