ഫുട്ബോൾ ലോകകപ്പിന് റഷ്യയിൽ നാളെ തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫുട്ബോൾ ലോകകപ്പിന് റഷ്യയിൽ നാളെ തുടക്കം

ഫുട്ബോൾ ലോകകപ്പിന്‍റെ  21 -ാം പതിപ്പിന് നാളെ റഷ്യയിൽ തുടക്കം. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ, സൌദി അറേബ്യയെ നേരിടും. ജൂലൈ 15 നാണ് ഫൈനൽ.

ലോകഫുട്ബോളിൻറെ ഏറ്റവും മഹത്തായ വേദി ഉണരാൻ ഇനി ഒരു ദിവസത്തിൻറെ മാത്രം അകലം. നാല് വർഷം മുമ്പ്  മാരക്കാനയിൽ തകർന്ന ഹൃദയത്തോടെ നിന്ന ലിയൊണൽ മെസി, അതിനും 5 ദിവസം മുമ്പ് ബൊലേ ഹൊറിസോണ്ടയിലെ ദേശീയ ദുരന്തം നിറകണ്ണുകളോടെ കണ്ട നെയ്മർ, 90കളിലെ സച്ചിനെ പോലെ ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ടീം ഗെയിമാണെന്ന് തെളിയിക്കുന്ന ജർമനി. ആഹ്ലാദത്തിന്‍റെയും കണ്ണീരിന്‍റെയും ആവേശത്തിന്‍റെയും നിരാശയുടെയും നിമിഷങ്ങളിലൂടെ ലോകം സഞ്ചരിക്കുന്ന 31 ദിനരാത്രങ്ങൾക്ക് തുടക്കമാവുകയാണ്.

88 വർഷം മുമ്പ് ഉറുഗ്വേയിൽ തുടങ്ങിയ ഈ ഉത്സവം 4 കൊല്ലത്തിലൊരിക്കൽ നടക്കുമ്പോൾ, നോക്കും നടപ്പും വിചാരവുമൊക്കെ ഇവിടേക്ക് മാത്രമായി ചുരുങ്ങുന്നു. കിരീട പ്രതീക്ഷയുമായെത്തുന്ന ജർമനിയും ബ്രസീലും അർജൻറീനയും സ്പെയിനും മുതൽ പങ്കാളിത്തം പോലും വിദൂര സ്വപ്നമായ നമ്മുടെ ഇന്ത്യയിൽ വരെ കാൽപ്പന്താരവത്തിന്‍റെ അലയൊലികൾ മറ്റെന്തിനും മീതെ ഉയർന്നു കേൾക്കുന്ന നാളുകൾ.

കണക്കുകൾക്കും താരമൂല്യത്തിനും പ്രവചനങ്ങൾക്കുമപ്പുറം കളത്തിൽ മികവ് കാട്ടേണ്ട 90 മിനിറ്റ്. അങ്ങനെ പ്രതീക്ഷയുടെയും സങ്കടത്തിൻറെയും ഭാഗ്യ നിർഭാഗ്യങ്ങളുടെയും 64 മത്സരങ്ങൾക്കൊടുവിൽ ജൂലൈ 15ന് ലുഷ്നികി സ്റ്റേഡിയത്തിലെ ആർത്തലക്കുന്ന ഗാലറികൾക്കിടയിലെ മൈതാന മധ്യത്തിൽ അങ്കം ജയിച്ച് കിരീടവുമായി നിൽക്കുന്ന പടത്തലവൻ ആരാകും. അൽപം കൂടി കാത്തിരിക്കാം. റഷ്യ, ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ കാർണിവലിനായി.