കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ബ്രസീലിനോ അർജന്റീനക്കോ ? ഫാൻസ്‌ വിശേഷങ്ങൾ അറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ബ്രസീലിനോ അർജന്റീനക്കോ ? ഫാൻസ്‌ വിശേഷങ്ങൾ അറിയാം

പച്ചപുല്ലുകൾക്ക് തീപിടിക്കുന്ന നാളുകൾക്ക് വിസിലുയരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ലോകകപ്പിന് നാളിതുവരെ സ്വന്തം രാജ്യം ബൂട്ടണിഞ്ഞിട്ടില്ലെങ്കിലും ലാറ്റിനമേരിക്കയെയും യൂറോപ്പിനെയും തോൽപ്പിക്കുന്ന വിധമുള്ള ഒരു ആരാധകക്കൂട്ടമുള്ള ഒരു സ്ഥലമുണ്ട് ലോകത്ത്. അത് മറ്റെവിടെയുമല്ല, നമ്മുടെ സ്വന്തം കേരളം തന്നെയാണ്. അത്കൊണ്ട് തന്നെയാണ് സാക്ഷാൽ മെസ്സി പുറത്ത് വിട്ട അർജന്റീന ആരാധകരുടെ വിഡിയോയിൽ മലയാളികളും സ്ഥാനം പിടിച്ചത്. സൗദി അറേബ്യ ആക്കട്ടെ, തങ്ങളുടെ ടീം പ്രഖ്യാപന വീഡിയോയിൽ ഒരു താരത്തിന്റെ പേര് പ്രഖ്യാപിച്ചത് മലയാളത്തിലും. ആരാധകക്കൂട്ടത്തിന് ആന്ദലബ്ദിക്ക് ഇനിയെന്ത് വേണം!

'ഭ്രാന്ത്' എന്ന വാക്കിനെ അഭിമാനത്തോടെ പറയുന്ന സമയമാണ് ലോകക്കപ്പ് ഫുട്ബോൾ സമയം. ഫുട്ബോൾ ഭ്രാന്ത് തലക്ക് പിടിച്ച ഒരു കൂട്ടം ആരാധകരുടെ, അല്ല, 'കട്ട' ആരാധകരുടെ നാളുകളാണ് ഇനി. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ആർക്കാണ് ഉള്ളതെന്ന് ചോദിച്ചാൽ അത് അർജന്റീനക്കും ബ്രസീലിനുമാണ് എന്ന കാര്യത്തിൽ സംശയമേ വേണ്ട. അതിൽ ആർക്ക് ഒന്നാം സ്ഥാനം എന്നത് അഭിമാന ചോദ്യമായതിനാൽ, ആരുടേയും അഭിമാനത്തെ മുറിവേൽപ്പിക്കാതെ പറയാം, ആരാധകരുടെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനം ബ്രസീലും അർജന്റീനയും പങ്കിട്ടെടുത്തു എന്ന്. അല്ലെങ്കിൽ സുതാര്യമായ ഒരു സർവ്വേ നടത്തേണ്ടി വരും.

എന്നാൽ ബാക്കി സ്ഥാനങ്ങളിൽ ആരൊക്കെ എന്ന കണക്കിലേക്ക് കടക്കാം നമുക്. ബ്രസീൽ ,അർജന്റീന കഴിഞ്ഞാൽ കൂടുതൽ ആരാധകർ സ്പെയിനും ജർമ്മനിക്കുമാണ്. കഴിഞ്ഞ രണ്ട് ലോകക്കപ്പുകളും സ്പെയിനിനും ജർമ്മനിക്കുമുണ്ടാക്കി കൊടുത്ത ആരാധക കൂട്ടം അത്ര ചെറുതല്ല. അതിൽ തന്നെ, ഇത്തവണയും കപ്പടിക്കുമെന്ന് പ്രമുഖരിൽ പലരും പ്രതീക്ഷിക്കുന്ന ജർമ്മനിക്ക് തന്നെയാണ് ഒരു പണത്തൂക്കം മുൻപിൽ പുതിയ ആരാധകരുള്ളത്. 

എന്നാൽ ഏറെ ആരാധകരുണ്ടായിരുന്ന ഇംഗ്ലണ്ടിനേക്കാൾ ഇത്തവണ മലയാളി ആരാധകർ പോർച്ചുഗലിനോടോപ്പമാണ്. ക്രിസ്റ്റിയാനോ  റൊണാൾഡോ എന്ന മാന്ത്രിക സ്‌ട്രൈക്കറോടുള്ള, റയൽ മാഡ്രിഡ് ടീമിനോടുള്ള ആരാധനയും പ്രണയവുമാണ് പോർച്ചുഗലിലേക്കുള്ള  ആകർഷണം. 

ബെൽജിയം ,ഉറുഗ്വ,മെക്സിക്കോ ,നൈജീരിയ എന്നീ ടീമുകൾക്കും ആരാധകരുണ്ട്. എന്നാൽ അവർ എണ്ണത്തിൽ വളരെ കുറവാണ്.  അതേസമയം മുൻപ് ഒരിക്കലും ആരാധകരില്ലാതെ ഒരു ടീമിന് ഇത്തവണ എണ്ണത്തിൽ കുറവെങ്കിലും കേരളത്തിൽ ധാരാളം ആരാധകരുണ്ടായിട്ടുണ്ട്. മറ്റേതുമല്ല. മുഹമ്മദ് സലാ എന്ന ചുരുളൻ മുടിക്കാരന്റെ സ്വന്തം ഈജിപ്ത്. ലിവർപൂളിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴെല്ലാം ആരാധകൂട്ടം ആർപ്പ് വിളിക്കുന്ന മുഹമ്മദ് സലയുടെ തോളിൽ എറിയാണ് ഈജിപ്ത് ലോകകപ്പിന്റെ പ്രവേശന വാതിൽ കടന്നത്. എന്നാൽ പരിക്കേറ്റ സലാ ആദ്യമത്സരം കളിക്കാനിടയില്ല. ഇത് ആരാധക കൂട്ടത്തെ നിരാശയിലാക്കിയിട്ടുണ്ട്. 

കൂടുതൽ ആരാധകരുള്ള മറ്റൊരു ടീം ഫ്രാൻസ് ആണ്. സിനദീൻ സിദാൻ എന്ന ഫുട്ബാൾ രാജകുമാരന്റെ കളികണ്ടു മോഹിച്ച് ഫ്രാൻസിനൊപ്പം കൂടിയവരാണ് ഏറെയും. സുവാരസിന്റെ ഉറുഗ്വായ് ടീമിനും ആരാധകരുണ്ട് കേരളത്തിൽ. സെനഗലിനും കൊളംബിയക്കും ഏഷ്യൻ ടീമായ ജപ്പാന് വരെ നാമമാത്രമെങ്കിലും ആരാധകരുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ.

അതേസമയം, നിരാശരായ ധാരാളം ആരാധകരുണ്ട് ഇക്കുറി കേരളത്തിൽ. ലോകകപ്പിന് പടിക്ക് പുറത്ത് നിൽക്കേണ്ടി വന്ന ഹോളണ്ട്, ഇറ്റലി, അമേരിക്ക ടീമുകളുടെ ആരാധകരാണ് ഇക്കുറി ഒരു ഫ്ളക്സ് ബോർഡ് പോലും വെക്കാനാകാതെ നിരാശയിലായത്. എന്നാൽ, 'ഭ്രാന്തൻ' ആരാധകരല്ലാത്ത പലരും ഫുട്ബോൾ ആവേശം ചോരാതിരിക്കാൻ വലിയ ഫാൻസ്‌ പട ഇല്ലാത്ത ടീമുകളോടൊപ്പം അണിചേർന്നിട്ടുണ്ട്. അതെ, ഫുട്ബാൾ ഒരു ഭ്രാന്താണ്, ഏത് അവസ്ഥയിലും മനസ്സിന് ആവേശവും ചെറുപ്പവും ഉന്മേഷവും നൽകുന്ന ഭ്രാന്ത്. അതിൽ നിന്ന് ഒളിച്ചോടുക അസാധ്യം. ഇത്തരം നല്ല 'ഭ്രാന്തുകൾ' നിലനിൽക്കാനുള്ള കരുതലോടെ ഗാലറികൾ ഉണരുന്നതിനായി മിനുട്ടുകൾ എണ്ണി കാത്തിരിക്കാം. 

ചിത്രങ്ങൾ: വിവിധ ഫാൻസ്‌ പേജുകൾ