ആധാറിന്റെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ രീതികൾ ഉപയോഗപ്പെടുത്താം :യു.ഐ.ഡി.എ.ഐ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആധാറിന്റെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ രീതികൾ ഉപയോഗപ്പെടുത്താം :യു.ഐ.ഡി.എ.ഐ 

ആധാറിന്റെ ഓഫ്‌ലൈൻ  വെരിഫിക്കേഷൻ രീതികളായ  ഇ-ആധാര്‍, ക്യുആര്‍ കോഡ് എന്നിവ സേവനദാതാക്കള്‍ക്ക്   ഉപയോഗപ്പെടുത്താമെന്ന് ആധാര്‍ ഏജന്‍സിയായ യു.ഐ.ഡി.എ.ഐ. ആധാര്‍ ഉപയോഗം നിയന്ത്രിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഇ-ആധാര്‍, ക്യുആര്‍ കോഡ് പോലുള്ള ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ രീതികള്‍ ഉപയോഗിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങളോ, ആധാര്‍ നമ്പറോ കൈമാറ്റം ചെയ്യപ്പെടുകയില്ല.
 

ഓഫ്‌ലൈൻ വെരിഫിക്കേഷൻ രീതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യും.അതേസമയം ഈ മാർഗം സുപ്രീം കോടതി വിധിയ്ക്ക് അനുസരിച്ചുള്ളതാണോ എന്ന വിശദ പരിശോധനയ്ക്ക് ശേഷമേ   പദ്ധതി പ്രാവര്‍ത്തികമാക്കുകയുള്ളൂ.

യുഐഡിഎഐ സെര്‍വറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാതെ ആധാര്‍ ഐഡി തിരിച്ചറിയുന്ന സംവിധാനമാണ് ഇത്. അതിന് വേണ്ടി ആളുകള്‍ക്ക് ആധാറിന്റെ ഇലക്ട്രോണിക് പതിപ്പ് (ഇ-ആധാര്‍) ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അതില്‍ ആധാര്‍ നമ്പര്‍ മറയ്ക്കാനുള്ള ഓപ്ഷനുണ്ട്. ആധാര്‍ നമ്പര്‍ ഇല്ലാത്ത ക്യുആര്‍ കോഡും അതില്‍ ലഭ്യമാണ്.  ഈ മാർഗം വഴി  സ്വകാര്യതയുടെ പ്രശ്നം  ഉണ്ടാവില്ലെന്ന്   യുഐഡിഎഐ മേധാവി അജയ് ഭൂഷന്‍ പാണ്ഡേ പറഞ്ഞു.

ഈ ഓഫ്‌ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി സേവനദാതാക്കള്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കും. വണ്‍ ടൈം പാസ് വേഡ് പോലുള്ള വെരിഫിക്കേഷന്‍ സംവിധാനങ്ങളും ഇതിനുണ്ട്.


LATEST NEWS