യൂറോപ്യന്‍ യൂണിയന്‍റെ പുതിയ വിവര സംരക്ഷണ നിയമം ജി.ഡി.പിആര്‍ പ്രാബല്യത്തില്‍ വന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂറോപ്യന്‍ യൂണിയന്‍റെ പുതിയ വിവര സംരക്ഷണ നിയമം ജി.ഡി.പിആര്‍ പ്രാബല്യത്തില്‍ വന്നു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍റെ പുതിയ വിവര സംരക്ഷണ നിയമമായ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജി.ഡി.പിആര്‍ മേയ് 25 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവരസാങ്കേതിക മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ കൂടുതല്‍ അവകാശങ്ങളും നിയന്ത്രണാധികാരവും കല്‍പിച്ചുനല്‍കുന്ന നിയമമാണ് ജിഡിപിആര്‍ .

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ അവരുടെ പൂര്‍ണ സമ്മതം ആവശ്യമായിവരും. അനുവാദമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുകയോ അനുവാദമില്ലാതെ അവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്താല്‍ കനത്ത പിഴയൊടുക്കേണ്ടി വരും.ടെക്ക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനായുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ജി.ഡി.പി.ആര്‍ എന്ന നിയമ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. 2016 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഈ നിയമം പാസാക്കിയത്. ഇതിന്റെ പൂര്‍ണരൂപം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ആഗോളതലത്തില്‍ തന്നെ മാതൃകയാവുന്ന നിയമനിര്‍മ്മാണം കൂടിയാകും ജി.ഡി.പി.ആര്‍.

വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ഉണ്ടായാല്‍ രണ്ട് കോടി യൂറോയോ (1500 കോടിയിലധികം രൂപ) കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 40 ശതമാനമോ പിഴയായി നല്‍കേണ്ടി വരും.2019 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടണില്‍ ജി.ഡി.പി.ആറില്‍ നിന്നും നേരിയ ചില മാറ്റങ്ങളോടെയുള്ള നിയമമായിരിക്കും പ്രയോഗത്തില്‍ വരിക.