സ്വകാര്യത ലംഘനം;  ഫെയ്സ്ബുക്ക് 34,000 കോടി രൂപ പിഴ ഈടാക്കി ഒത്തുതീർപ്പിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യത ലംഘനം;  ഫെയ്സ്ബുക്ക് 34,000 കോടി രൂപ പിഴ ഈടാക്കി ഒത്തുതീർപ്പിൽ

സ്വകാര്യത ലംഘനം സംബന്ധിച്ചു ഫെയ്സ്ബുക്കിനെതിരായ കേസ് 5 ബില്യൻ യുഎസ് ഡോളർ (34,000 കോടി രൂപയിലേറെ) പിഴ ഈടാക്കി ഒത്തുതീർപ്പാക്കുന്നു. യുഎസിലെ ഉപഭോക്തൃ സംരക്ഷണ – കുത്തക നിയന്ത്രണ ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഇതിന് അനുമതി നൽകിയത്. കമ്മിഷനിൽ ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. വോട്ടെടുപ്പിലൂടെയാണ് അംഗീകാരം നൽകിയത്. 2 ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഇതിനെ എതിർത്തു. 3 റിപ്പബ്ലിക്കൻ അംഗങ്ങൾ അനുകൂലിച്ചു. നീതിന്യായ വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ഒത്തുതീർപ്പ് യാഥാർഥ്യമാകൂ.

സ്വകാര്യത ലംഘനത്തിന് യുഎസിൽ ഈടാക്കുന്ന ഏറ്റവും വലിയ പിഴയാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ ഫെയ്സ്ബുക്കിന് വൻപിഴ വലിയ പ്രശ്നമാകില്ല. ഈ വർഷം ആദ്യത്തെ 3 മാസത്തെ മാത്രം അവരുടെ വരുമാനം 15.1 ബില്യ‍ൻ യുഎസ് ഡോളറാണ് (ഒരു ലക്ഷം കോടി രൂപയിലേറെ.) പിഴ കുറഞ്ഞുപോയെന്നും കൂടുതൽ പിഴയും ശക്തമായ നടപടികളും വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.  കേംബ്രിജ് അനലറ്റിക എന്ന രാഷ്ട്രീയ കൺസൽറ്റൻസി സ്ഥാപനം 8.7 കോടി ഫെയ്സ്ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്നാണു പരാതി. 2016 ൽ യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിൽ പങ്കാളികളായിരുന്നു കേംബ്രിജ് അനലറ്റിക. യുഎസിനു പുറമേ ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളിൽ സ്വകാര്യത ലംഘനത്തിന് നടപടികൾ നേരിട്ടു വരികയാണ് ഫെയ്സ്ബുക്.


LATEST NEWS