വ്യത്യസ്തത നിറഞ്ഞ ‘ഫോര്‍ ഓണര്‍’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യത്യസ്തത നിറഞ്ഞ ‘ഫോര്‍ ഓണര്‍’

കുട്ടികളുടെ ലോകം വളരെ വ്യത്യാസമാണ്, ഇപ്പോള്‍ അവരെല്ലാം പുതിയ ലോകമായ ഗെയിംന്റെ പുറകെയാണ്. അതിനാല്‍  തന്നെ അതിനെ എങ്ങനെ വ്യത്യാസമാക്കം എന്നാണ് ഗെയിം നിര്‍മാണ കമ്പനികളും നോക്കുന്നത്. അതുകൊണ്ട് തന്നെ പ്രശസ്തമായ ഗെയിമിംഗ് കമ്പനിയായ യുബിസോഫ്റ്റ് ( Ubiosft ) ഫോര്‍ ഓണര്‍ ( For Honor ) എന്ന ഫൈറ്റിങ് ഗെയിമുകള്‍ ഇറക്കിയത്. അവര്‍ പറഞ്ഞത് പോലെ തന്നെ വിപ്ലവകരമായ ഒരു മാറ്റം തന്നെയാണ് ഉണ്ടായത്.

മള്‍ട്ടിപ്ലെയര്‍നെ ( Multiplayer ) മാത്രം ലക്ഷ്യംവെച്ചിറക്കിയ ഗെയിം ആയതുകൊണ്ട് തന്നെ ഇതിലെ ഒറ്റക്ക് കളിക്കാവുന്ന കഥ ( Single player story mode ) വളരെ കുറച്ചേ ഉള്ളു. ഈ ഗെയിമിലെ കഥാപാത്രങ്ങളേയും അവരുടെ കഴിവുകളും മറ്റും കാണിച്ചു തരുക എന്നത് മാത്രമാണ് സിംഗിള്‍ പ്ലെയര്‍ മോഡിന്റെ ഉദ്ദേശം എന്ന് നമുക്ക് തോന്നുമെങ്കിലും ഒട്ടും മടുപ്പുണ്ടാകില്ല. കാരണം അതിമനോഹരമായ സ്ഥലങ്ങളും ഡയലോഗുകളും ആക്ഷനുമൊക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്ന ശത്രുക്കള്‍ സാധാരണ ഗെയിമുകളിലെ അപേക്ഷിച്ചു വളരെ ശക്തരാണ്. എങ്കില്‍ പോലും ഗെയിമിന്റെ ശരിക്കുള്ള രസം കിട്ടണമെങ്കില്‍ നമ്മളെപ്പോലെയുള്ള മറ്റു പ്ലയേഴ്സിനെതിരെ കളിക്കണം. 

മൂന്ന് ഫാക്ഷനുകള്‍ ( Factions ) ആണ് ഈ ഗെയിമിലുള്ളത്-നൈറ്റ്‌സ് ( Knights ), വൈക്കിങ്‌സ് ( Vikings ), സമുറായി ( Samurai ) എന്നിയവ. ഓരോ ഫാക്ഷനിലും നാല് കഥാപാത്രങ്ങള്‍ വീതം കാണും. അതില്‍ ആരെ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഓരോ കഥാപാത്രത്തിനും പ്രത്യേകം ആയുധങ്ങളും അതുപയോഗിക്കുന്ന രീതികളും ഒക്കെയുണ്ടാവും. ഉദാഹരണത്തിന് നൈറ്റ് ഫാക്ഷനിലെ വാര്‍ഡന്‍ ( Warden ) ഉപയോഗിക്കുന്നത് വാള് ആണെങ്കില്‍, വൈക്കിംഗ് ഫാക്ഷനിലെ റെയിടര്‍ ( Raider ) ഉപയോഗിക്കുന്നത് നീണ്ട മഴു ആണ്

.

ഇതിലെ ഓരോ കഥാപാത്രത്തേയും വാങ്ങാനും ഇഷ്ടമുള്ള രീതിയില്‍ മാറ്റം വരുത്താനും നമുക്ക് കഴിയും. ഉദാഹരണത്തിന് വാര്‍ഡന്‍ എന്ന കഥാപാത്രത്തെയാണ് വാങ്ങുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ആയുധങ്ങളും പടച്ചട്ടയും അതിന്റെ നിറവും എല്ലാം നമുക്ക് മാറ്റാന്‍ കഴിയും. ഇങ്ങനെ മാറ്റം വരുത്താന്‍ സ്റ്റീല്‍ ( Steel ) എന്ന സാധനം ആവശ്യമാണ്. സ്റ്റീല്‍ രണ്ടു രീതിയില്‍ നേടാന്‍ കഴിയും. ഒന്നുകില്‍ നമുക്ക് പണം കൊടുത്തു സ്റ്റീല്‍ വാങ്ങാം. അല്ലെങ്കില്‍ ഓരോ ഗെയിം വിജയിക്കുമ്പോഴും കുറച്ചു സ്റ്റീല്‍ കിട്ടും. അത് പക്ഷെ ആവശ്യത്തിന് ആയി വരാന്‍ സമയം എടുക്കുമെന്ന് മാത്രം.

വളരെ വ്യത്യസ്തത നിറഞ്ഞ ഗെയിംപ്ലേ ( Gameplay ) ശൈലിയാണ് ഈ ഗെയിമിന്റെ സവിശേഷത. സാധാരണ ഫൈറ്റിങ് ഗെയിമുകളില്‍ അറ്റാക്ക് ചെയ്യേണ്ടപ്പോള്‍ അറ്റാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യണ്ടപ്പോള്‍ ബ്ലോക്ക് ചെയ്യാനും പ്രത്യേകം കീ ( key ) ഉണ്ടാവും. പക്ഷെ ഈ ഗെയിമില്‍ ഓരോ അറ്റാക്കും ഓരോ ബ്ലോക്കും സാഹചര്യത്തിന് അനുസരിച്ചു മാറും. ഉദാഹരണത്തിന് നമ്മുടെ എതിരാളി ഇടത് വശത്തു കൂടിയാണ് വെട്ടുന്നത് എങ്കില്‍ ഇടത് വശത്തേക്ക് തന്നെ നമ്മള്‍ ബ്ലോക്ക് ചെയ്താല്‍ മാത്രമേ അത് ബ്ലോക്ക് ചെയ്യപ്പെടൂ. അതേപോലെ നീണ്ട കുന്തം ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അല്‍പ്പം ദൂരെ നിന്ന് വേണമെങ്കിലും യുദ്ധം ചെയ്യാം. പക്ഷെ ചെറിയ കത്തി ആയുധം ആക്കിയവര്‍ക്ക് യുദ്ധം ചെയ്യാന്‍ അടുത്ത് വരേണ്ടി വരും. അങ്ങിനെ ഓരോരുത്തര്‍ക്കും പല രീതിയില്‍ ഉള്ള തന്ത്രങ്ങളും മറ്റും ഉണ്ട്.

നാലുപേര്‍ വീതമുള്ള ടീമുകള്‍ തമ്മില്‍ യുദ്ധം ചെയ്യുന്ന മോഡ് മുതല്‍ രണ്ടു യോദ്ധാക്കള്‍ മാത്രം പരസ്പ്പരം പോരാടുന്ന മോഡ് വരെ ഈ ഗെയിമിലുണ്ട്. കുതിരപ്പുറത്തു യുദ്ധം ചെയ്യാനും, കോട്ട പിടിച്ചടക്കാന്‍ വേണ്ടി മതിലില്‍ കൂടി വള്ളിയില്‍ പിടിച്ചു കയറാനും, പീരങ്കി ഉപയോഗിച്ച് ഒരുപാട് ശത്രുക്കളെ ഒരുമിച്ചു കൊല്ലാനുമെല്ലാം ഈ ഗെയിമില്‍ കഴിയും.

എടുത്തു പറയേണ്ട മറ്റൊരു സംഗതി എന്തെന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ പോലെ തന്നെ യുദ്ധം ചെയ്യുന്ന സ്ഥലങ്ങള്‍ക്കും അവിടെയിരിക്കുന്ന സാധനങ്ങള്‍ക്കും എല്ലാം വലിയ പ്രാധാന്യം ഉണ്ട് എന്നതാണ്. ഉദാഹരണത്തിന് മതിലില്‍ എതിരാളിയുടെ തലയിടിപ്പിച്ചു കൊല്ലാനും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു കൊല്ലാനും, എരിയുന്ന തീയിലേക്ക് എറിഞ്ഞു കൊല്ലാനും, എതിരാളി മഞ്ഞുപാളിയുടെ മുകളില്‍ നില്‍ക്കുകയാണെങ്കില്‍ അത് പൊട്ടിച്ചു വെള്ളത്തില്‍ മുക്കി കൊല്ലാനുമൊക്കെ കഴിയും. 

പിസിയിലും എക്‌സ് ബോക്‌സിലും, പ്ലേസ്റ്റേഷനിലും ഈ ഗെയിം ലഭ്യമാണ്. സ്റ്റീം ( Steam ) പോലെയുള്ള ക്ലയന്റില്‍ നിന്ന് ഈ ഗെയിം വാങ്ങി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏകദേശം മൂവായിരം രൂപയാണ് 'ഫോര്‍ ഓണറി'ന്റെ വില. ഇത് കളിക്കാന്‍ മുഴുവന്‍ സമയവും ഇന്റര്‍നെറ്റ് വേണം എന്നത് മാത്രമാണ് ഒരു കുറവ്. അതേപോലെ തന്നെ ഫൈറ്റിങ് അല്‍പ്പം പാടായത് കൊണ്ട് ഈ ഗെയിം പഠിച്ചു വരാന്‍ നല്ല ക്ഷമയും പരിശീലനവും ആവശ്യമാണ്.