1369 കോടി ശമ്പളം;ആരാധകരുടെ മനംകവർന്ന് ഗുഗിൾ മേധാവി സുന്ദർ പിച്ചൈ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ടെക് കമ്പനി മേധാവികളിൽ ഒരാളാണ് ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ. ദിവസങ്ങൾക്ക് മുൻപ് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ–ഇംഗ്ലണ്ട് മൽസരം കാണാൻ ഗൂഗിൾ സിഇഒ പിച്ചൈയും വന്നിരുന്നു. ഇതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ബിസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽമീഡിയ ഒന്നടങ്കം ചർച്ചയായി.

സച്ചിന്റെയും ക്രിക്കറ്റിന്റെയും അറിയപ്പെടുന്ന ആരാധകനാണ് ഗൂഗിൾ മേധാവി പിച്ചൈ. 2019 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ഫൈനൽ കളിക്കുമെന്നും പിച്ചൈ പ്രവചിച്ചിട്ടുണ്ട്. എന്നാൽ അതൊന്നുമല്ല ഇവിടെ വിഷയം, സച്ചിനൊപ്പം നിൽക്കുന്ന പിച്ചൈയുടെ വസ്ത്രധാരണവും ബോഡി ലാംഗ്വേജുമാണ്. വർഷം 1369 കോടി ശമ്പളം വാങ്ങുന്ന ലോകത്തിന്റെ ഏറ്റവും വലിയ ടെക് കമ്പനി മേധാവിയുടെ ലാളിത്യത്തെ കുറിച്ചാണ് മിക്ക ആരാധകരും പ്രശംസിക്കുന്നത്.

ഇന്ത്യ ഇംഗ്ലണ്ടിന് കീഴടങ്ങിയതിൽ ക്രിക്കറ്റ് ആരാധകർ നിരാശരായെങ്കിലും ‘ഇന്ത്യയുടെ കണ്ണിലെ രണ്ട് ആപ്പിളുകൾ’ ഒരുമിച്ച് നിൽക്കുന്ന ചിത്രത്തെ അവർ ഏറ്റെടുത്തു. രണ്ട് പതിറ്റാണ്ടായി യുഎസിൽ താമസിച്ചിട്ടും പിച്ചൈ ഇപ്പോഴും ഇന്ത്യക്കാരനാണെന്ന് തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ ഇന്ത്യൻ വേരുകൾ ഇതാണ് കാണിക്കുന്നതെന്നും നെറ്റിസൺ അഭിമാനിക്കുന്നു.

ചെന്നൈയിൽ ജനിച്ച പിച്ചൈ 2004 ലാണ് ഗൂഗിളിൽ പ്രൊഡക്ട് മാനേജ്‌മെന്റിൽ വൈസ് പ്രസിഡന്റായി ചേർന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പൂർവ്വ വിദ്യാർഥിയാണ് അദ്ദേഹം. മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.


LATEST NEWS