പ്രാദേശിക ആശയവിനിമയത്തിനായി പുതിയ ആപ്പ് ഒരുക്കി ഗൂഗിള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രാദേശിക ആശയവിനിമയത്തിനായി പുതിയ ആപ്പ് ഒരുക്കി ഗൂഗിള്‍

അയല്‍വാസികള്‍ക്കിടയില്‍ സൗഹൃദം ദൃഡമാക്കുവാന്‍ ഗൂഗിള്‍ പുതിയ ആപ്പ് ഒരുക്കുന്നു.പ്രാദേശിക ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയില്‍ നൈബേര്‍ലി എന്ന പുതിയ ആപ്ലിക്കേഷന്‍ ആണ്ഒ ഗൂഗിള്‍ അവതരിപ്പിച്ചത്. ഒരേ ചുറ്റുപാടില്‍ കഴിയുന്ന, ഒരേ നഗരത്തില്‍ കഴിയുന്ന, ഒരേ ഗ്രാമത്തില്‍ കഴിയുന്ന, ആളുകള്‍ തമ്മില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അതിന് ഉത്തരം നല്‍കാനും പ്രാദേശിക വിവരങ്ങള്‍ തമ്മില്‍ കൈമാറാനുമെല്ലാം ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആപ്ലിക്കേഷന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. മുംബൈ നഗരത്തില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ പതിപ്പിന് മുകളിലുള്ള എല്ലാ സ്മാര്‍ട് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും. നിരവധി ആവശ്യങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഉദാഹരണത്തിന് ഒരു സ്ഥലത്തേക്ക് പോകാന്‍ എവിടെ നിന്ന് ബസ് കയറണം, ഒരു പ്രത്യേക ഉല്‍പ്പന്നം എവിടെ ചെന്നാല്‍ വാങ്ങാന്‍ കഴിയും, അടുത്തുള്ള നല്ല ഹോട്ടല്‍ ഏതാണ് തുടങ്ങിയ അത്യാവശ്യ ചോദ്യങ്ങളെല്ലാം ചോദിക്കാം. ആപ്പ് ഉപയോഗിക്കുന്ന പ്രദേശ വാസികള്‍ ആരെങ്കിലും അതിന് മറുപടി തരും. അതാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തന രീതി. അങ്ങനെ നോക്കുമ്പോള്‍ പരസ്പരം മിണ്ടാത്ത അയല്‍പ്പക്കങ്ങളെ കൂട്ടിയിണക്കാനൊരു സ്മാര്‍ട് ആപ്ലിക്കേഷന്‍ എന്ന് വേണമെങ്കില്‍ നൈബേര്‍ലിയെ വിളിക്കാം.

ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ആപ്പ് വിന്‍ഡോയില്‍ കാണാന്‍ സാധിക്കും മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം കാണുകയും വേണമെങ്കില്‍ മറുപടി പറയുകയും പറയുകയും ചെയ്യാം. ഗൂഗിളിന്റെ വോയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഈ ആപ്ലിക്കേഷനിലുണ്ടാവും.ശബ്ദ മറുപടികളും ഇതില്‍ ലഭിക്കും. ഇംഗ്ലീഷിന് പുറമെ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ആപ്പിലെ ടെക്സ്റ്റ് ഓഡിയോ സേവനങ്ങള്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പ് സേവനത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്ത് ഗൂഗിള്‍ സേവനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നൈബേര്‍ലി ആപ്പിലൂടെ ഗൂഗിള്‍ നടത്തുന്നത്.